modi-abdullakkutty

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുന്ന അഭ്യൂഹങ്ങൾക്കിടെ മുൻ സി.പി.എം പാർലമെന്റംഗവും മുൻ കോൺഗ്രസ് നിയമസഭാംഗവുമായ എ.പി.അബ്‌ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. പാർലമെന്റിലെ തന്റെ ഓഫീസിൽ വച്ചാണ് മോദിയും അബ്‌ദുള്ളക്കുട്ടിയും കൂടിക്കാഴ്‌ച നടത്തിയത്. കുട്ടിഭായ് ആവോ എന്ന അഭിസംബോധനയോടെയാണ് അബ്‌ദുള്ളക്കുട്ടിയെ മോദി സ്വീകരിച്ചത്.

പാർലമെന്റ് അംഗമായിരിക്കെ പരിചയമുള്ള മറ്റൊരു എം.പിയുടെ പ്രൈവറ്റ് സ്‌റ്റാഫ് വഴിയാണ് അബ്‌ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച തരപ്പെടുത്തിയത്. ഇതിനായി ദിവസങ്ങളോളമായി ഡൽഹിയിൽ തന്നെ തങ്ങുകയായിരുന്നു അബ്‌ദുള്ളക്കുട്ടി. എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് മോദി അബ്‌ദുള്ളക്കുട്ടിയെ കണ്ടത്. ഇതിനിടെ തന്നെ മോദി ബി.ജെ.പിയിലേക്ക് ക്ഷണിച്ചുവെന്ന് അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കി. വികസന കാര്യം പറയുന്നവരെ കേരള രാഷ്ട്രീയത്തിൽ നിന്നും തുരത്തുന്നത് എന്തിനാണെന്നും ചോദിച്ചു. ഉത്തരേന്ത്യയിലൊക്കെ ന്യൂനപക്ഷങ്ങൾ ബി.ജെ.പിയുമായി സഹകരിക്കുന്നുണ്ടല്ലോയെന്നും മോദി ചൂണ്ടിക്കാട്ടി.

അതേസമയം, അബ്‌ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർ‌ന്ന് കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാൽ സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും കാരണമുണ്ടാക്കി പുറത്ത് ചാടിയ അബ്‌ദുള്ളക്കുട്ടിയുടെ അവസാന പാർട്ടിയായിരിക്കില്ല ബി.ജെ.പിയെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. രാഷ്ട്രീയമല്ലാതെ മറ്റൊരു പണിയും തനിക്ക് അറിയില്ലെന്ന് തുറന്ന് സമ്മതിച്ച അബ്‌ദുള്ളക്കുട്ടി വലിയൊരു രാഷ്ട്രീയ പരീക്ഷണത്തിനായിരിക്കും ഒരുങ്ങുന്നത്. ഒരുപക്ഷേ ഇത് വിജയിക്കുകയാണെങ്കിൽ കേരളത്തിൽ മറ്റ് പല നേതാക്കന്മാരും അബ്‌ദുള്ളക്കുട്ടിയുടെ പാത പിന്തുടരാനും സാദ്ധ്യതയുണ്ട്.