gold-rate

തിരുവനന്തപുരം: സ്വർണവില കുതിച്ചുയരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് ഉയർന്നത്. ഇന്ന് ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. ആഗോളവിപണിയിലും സ്വർണവിലയിൽ വൻ വർദ്ധന രേഖപ്പെടുത്തി. 14.20 ഡോളറാണ് ഇന്ന് ഉയർന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽമാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടർന്നാണ് സ്വർണവില കുതിച്ചുകയറിയത്. അടുത്ത മാസം ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. യു.എസ് - ചൈന വ്യാപാരയുദ്ധം അമേരിക്കൻ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതലായി മാറിയതാണ് സ്വർണവില ചരിത്ര നിരക്കിലേക്ക് ഉയരാൻ ഇടയാക്കിയത്.

ഈ മാസം മൂന്നിന് പവന് 24,080 രൂപയും ഗ്രാമിന് 3,010 രൂപയുമായിരുന്നു വില. അന്നുമുതൽ ഇതിനകം പവനു കൂടിയത് 1,040 രൂപയാണ്. ഗ്രാമിന് 130 രൂപയും ഉയർന്നു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം ചേരുന്ന ധനനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സ്വർണത്തിന് നേട്ടമാകുന്നത്. പലിശനിരക്ക് കുറയുന്നത് അമേരിക്കൻ കടപ്പത്രം, ഡോളർ എന്നിവയുടെ മൂല്യത്തകർച്ചയ്ക്ക് വഴിയൊരുക്കും. ഇതാണ്, നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്.