ന്യൂഡൽഹി : സോഷ്യൽ മീഡിയ വഴി ചാരപ്രവർത്തനം ഉണ്ടാകുന്നുവെന്ന ആശങ്ക വീണ്ടും ഇന്ത്യൻ സൈന്യത്തെ അലട്ടുകയാണ്. രണ്ട് വർഷം മുമ്പ് ഹണിട്രാപ്പിലൂടെ ശത്രു രാജ്യങ്ങൾ വിവരങ്ങൾ ശേഖരിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിലെ ചില പ്രൊഫൈലുകളെപ്പറ്റി രഹസ്യാന്വേഷണ വിഭാഗം സൈനികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'ഒയേസോമ്യ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കരുതിയിരിക്കാനും മുന്നറിയിപ്പിൽ പറയുന്നു. സുന്ദരിയായ പെൺകുട്ടിയുടെ ചിത്രമാണ് ഈ അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചർ. ഇത് ശത്രുരാജ്യങ്ങളുടെ ട്രാപ്പാണെന്നും ഇതിൽ വീഴരുതെന്നും അധികൃതർ പറയുന്നു. ആരെങ്കിലും കെണിയിൽ അകപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.
2015-17കാലയളവിൽ ഇത്തരത്തിലുള്ള അഞ്ച് കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. നാലെണ്ണം കരസേനയുമായി ബന്ധപ്പെട്ടതും ഒരെണ്ണം വ്യോമസേനയുമായി ബന്ധപ്പെട്ടതുമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ രാജസ്ഥാൻ സ്വദേശിയായ സോംബിർ എന്ന സൈനികൻ സോഷ്യൽ മീഡിയ വഴിയുള്ള ഹണിട്രാപ്പിൽ കുടുങ്ങി, പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വിവരങ്ങൾ നൽകിയതിന്റെ പേരിൽ അറസ്റ്റിലായിരുന്നു. അനിക ചോപ്ര എന്ന ഐ.എസ്.ഐയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇയാൾ നിരന്തരം മെസേജ് ചെയ്തിരുന്നു. ചാറ്റിൽ യൂണിറ്റിനെപ്പറ്റിയുള്ള വിവരങ്ങളൊക്കെ ഇയാൾ കൈമാറിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥനും ഇത്തരത്തിൽ കുടുങ്ങിയിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം സൈനികർ സോഷ്യൽ മീഡിയയിൽ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്‌ക്കരുതെന്ന് കർശന നിർദേശം നൽകിയിരുന്നു.