mohanlal-viswaroopam-

തിരുവനന്തപുരം: സിനിമയിൽ എന്നപോലെ തന്നെ ജീവിത്തിലും പലപ്പോഴും വിസ്‌മയം തീർക്കാറുണ്ട് മോഹൻലാൽ. അഭിനയം പോലെ തന്നെ എഴുത്തിലായാലും, ചിത്രരചനയിലായാലും, കരകൗശല വസ്‌തുക്കളുടെ ശേഖരണത്തിലായാലും തന്റെ ജീവിതത്തിലുടെ നീളം ആ ലാൽ മാജിക്ക് നമുക്ക് തെളിഞ്ഞു കാണാം. ഇപ്പോഴിതാ അത്തരത്തിലൊരു വിസ്‌മയം മോഹൻലാലിനായി ഒരുങ്ങുകയാണ്.

ലോകഇതിഹാസം മഹാഭാരത കഥാസന്ദർങ്ങളെല്ലാം ഒത്തുചേരുന്ന കൂറ്റൻ വിശ്വരൂപം ശിൽപമാണ് കോവളത്തെ വെള്ളാറിൽ ലാലിനായി തയ്യാറെടുക്കുന്നത്. ലോകറെക്കോർഡ് ലക്ഷ്യമിട്ടുകൊണ്ട് ഒരുങ്ങുന്ന ഈ ശിൽപത്തിന് 10 അടി ഉയരമാണുള്ളത്. ലോകത്തിൽ തന്നെ ഇത്തരത്തിലൊരെണ്ണം ഇതാദ്യമാണെന്ന് മുഖ്യ ശിൽപി നാഗപ്പൻ പറയുന്നു.

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുൾപ്പെട്ടതാണ് വിശ്വരൂപം. മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണൻ. സൂക്ഷ്‌മതയും അതിലേറെ ക്ഷമയും വേണ്ട പരിശ്രമം ഒന്നര വർഷത്തിനു ശേഷമാണ് പൂർണതയിലേക്ക് കടക്കുന്നതെന്നു ശിൽപി. ഏദേശം 400 കഥാപാത്രങ്ങളാണ് പീഠത്തിലുള്ളത്. രണ്ട് വർഷം മുൻപ് 6 അടിയിൽ നിർമിച്ച വിശ്വരൂപം മോഹൻലാൽ വാങ്ങിയിരുന്നു. ശിൽപം ഇഷ്‌ടപ്പെട്ടോടെ താരം വലിയ വിശ്വരൂപത്തിനും ഓർഡർ നൽകുകയായിരുന്നു. രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജി, സജി, ഭാഗ്യരാജ്, സോമൻ എന്നിവർ ശിൽപ്പ നിർമ്മാണത്തിൽ നാഗപ്പനൊപ്പമുണ്ട്.