narendra-modi

സ്മാർട്ട് ഫോണിന്റേയും, സോഷ്യൽ മീഡിയയുടേയും ഉപയോഗത്തിൽ മുൻപിൽ നിൽക്കുന്ന ലോകനേതാക്കളിൽ ഒരാളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്തിനും ഏതിനും ട്വിറ്ററിലൂടെ പ്രതികരിച്ച് ഏറെ വിമർശനവും ട്രംപ് ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ടൈപ്പ്റൈറ്റർ പോലെയാണ് ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ടിനെ കാണുന്നതെന്നാണ് പൊതുവെ കേട്ടുവരുന്ന പരിഹാസം. അതേസമയം സോഷ്യൽ മീഡിയ ഏറ്റവും വിദഗ്ദമായ രീതിയിൽ ഉപയോഗിച്ച നേതാവെന്ന് ട്രംപിനെ പ്രശംസിക്കുന്നവരും ഉണ്ട്.

എന്നാൽ ട്രംപിന് മാത്രമല്ല ഈ ഖ്യാതി ഉള്ളത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ കാര്യത്തിൽ മിടുക്കനാണ്. സത്യത്തിൽ സോഷ്യൽ മീഡിയ ക്യാംപയിൻ ആണ് 2014ൽ ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ച പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന്. ഗാഡ്ജറ്റ് പ്രേമിയായ മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ ശേഷമാണ് ഐഫോണിലേക്ക് മാറുന്നത്. സുരക്ഷാ വിഷയം പരിഗണിച്ചാണ് മോദി ഈ തീരുമാനമെടുക്കുന്നത്.

പിന്നീടങ്ങോട്ട് ഐഫോണുകൾ മാത്രമേ മോദി ഉപയോഗിച്ചിട്ടുള്ളൂ. മോദിയുടെ 'സൈന്യാധിപൻ' അമിത് ഷായും മോദിയുടെ തന്നെ പാതയാണ് പിന്തുടരുന്നത്. ഒരു ലക്ഷത്തിൽപരം രൂപ വിലയുള്ള ഐഫോൺ എസ്. എക്സ് ആണ് അമിത് ഷാ ഉപയോഗിക്കുന്നത്. എന്നാൽ മോദി താരതമ്യേന വിലകുറഞ്ഞ 6 സീരീസിലുള്ള ഐഫോണാണ് ഉപയോഗിക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രാധാന് രണ്ടു ഫോണുകളാണ് ഉള്ളത്. ഇതിൽ ഒരെണ്ണം ഐഫോണും മറ്റേത് ആൻഡ്രോയിഡ് ഫോണുമാണ്. ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും ബന്ധം പുലർത്താൻ മന്ത്രി നിരന്തരം വാട്സാപ്പും , ട്വിറ്ററും, ഫേസ്ബുക്കും ഉപയോഗിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും സോഷ്യൽ മീഡിയ ഉപയോഗത്തിന് ഐഫോണാണ് ഉപയോഗിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഫോണിൽ ട്വിറ്ററിനോടാണ് പ്രിയം. 2.23 മില്ല്യൺ ഫോളോവേഴ്സാണ് നിർമ്മലയ്ക്ക് ട്വിറ്ററിലുളളത്.