ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ എപ്പോഴെങ്കിലും 'ഞാൻ ഒറ്റയ്‌ക്കായിപ്പോയി' എന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല.ആൾക്കൂട്ടത്തിനിടയിലും താൻ ഒറ്റയ്‌ക്കാണെന്ന് പരിഭവിക്കുന്ന ചിലരെയും നമുക്ക് കാണാൻ സാധിക്കും. എന്നാൽ അടുത്തിടെ ബി.ബി.സി നടത്തിയ ഒരു സർവേ ഞെട്ടിക്കുന്നതായിരുന്നു. ചെറുപ്പക്കാർക്കിടയിൽ ഒറ്റപ്പെടൽ (ഏകാന്തത) വർദ്ധിക്കുന്നുവെന്നായിരുന്നു അവരുടെ കണ്ടെത്തൽ. 16 മുതൽ 24 വരെ പ്രായപരിധിയിലുള്ള 40 ശതമാനം പേരും തങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്നവരാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ഉപയോഗവും മാറിയ ജീവിത ശൈലിയും മൂലമാണ് മറ്റുള്ളവരേക്കാൾ ഈ തലമുറയിൽ പെട്ടവരെ ഒറ്റപ്പെടൽ ബാധിക്കുന്നതെന്നാണ് മനശാസ്ത്ര വിദഗ്‌ദ്ധരുടെ അഭിപ്രായം.
ഒറ്റയ്‌ക്കാകലും ഒറ്റപ്പെടലും
മറ്റൊരാളുടെ സാന്നിധ്യം ഇഷ്‌ടപെടാതിരിക്കുകയോ അല്ലെങ്കിൽ എല്ലാവരും ചെയ്യുന്ന പ്രവർത്തികളിൽ സംതൃപ്‌തി തോന്നാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയെ ഒറ്റപ്പെടലെന്ന് വിളിക്കാമെന്ന് ചില മനശാസ്ത്രജ്ഞർ പറയുന്നു. അല്ലെങ്കിൽ തന്റെ സാന്നിധ്യം മറ്റുള്ളവർ ഇഷ്‌ടപ്പെടുന്നില്ലെന്ന് കരുതുന്നതും ഇത് മൂലം സമൂഹത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതും ഒറ്റപ്പെടലിന്റെ മറ്റ് രൂപങ്ങളാണ്.
ഒരാൾ തനിച്ചിരിക്കാൻ തീരുമാനിക്കുന്നതിനെ ഏകാന്തത അല്ലെങ്കിൽ ഒറ്റപ്പെടലെന്ന് വിളിക്കാൻ കഴിയില്ലെന്നും മനശാസ്ത്രജ്ഞർ പറയുന്നു. ഒരു നിശ്ചിത കാലത്തേക്ക് ഒരാൾ സമൂഹത്തിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിച്ചാൽ അതിനെ കുറ്റം പറയാനാകില്ല. എന്നാൽ തന്റെ ഇഷ്‌ടപ്രകാരമാണ് ഒരാൾ ഒറ്റയ്‌ക്കിരിക്കാൻ തീരുമാനിക്കുന്നതെങ്കിലും വ്യക്തിയുടെ താത്പര്യത്തിന് വിരുദ്ധമായാണ് ഒറ്റപ്പെടൽ സംഭവിക്കുന്നത്.
കാരണം
ഭക്ഷണം മുതൽ താമസിക്കാനുള്ള സ്ഥലം വരെ ഒരൊറ്റ ക്ലിക്ക് അകലത്തിൽ മൊബൈലിലൂടെ ലഭിക്കുന്നതാണ് ചെറുപ്പക്കാരിലെ ഏകാന്തത വർദ്ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ മനുഷ്യർ തമ്മിലുള്ള പരസ്പര ആശയ വിനിമയം സാങ്കേതിക വിദ്യയുടെ വളർച്ചയോടെ കുറഞ്ഞിരിക്കുന്നു. ഓരോ മനുഷ്യരും ഒരു മൊബൈൽ ഫോണിന്റെ നീല വെളിച്ചത്തിൽ മാത്രം തിളങ്ങുന്ന സിംഗിൾ യൂണിറ്റുകളായി മാറിയെന്നതാണ് സത്യം. നേരത്തെ കൂട്ടായി ചെയ്‌തിരുന്ന പലതും ഇന്ന് വിർച്വൽ ലോകത്തേക്ക് മാറിയിരിക്കുന്നു. വൈകുന്നേരത്തെ നാട്ടിൻപുറത്തെ ക്രിക്കറ്റ് കളി മുതൽ ലൈംഗികാസ്വാദനം വരെ ഇന്ന് ഓൺലൈൻ വഴി ആയെന്നതാണ് സത്യം. ചെറുപ്പക്കാർക്കിടയിൽ ഏകാന്തത വർദ്ധിക്കാൻ വേറെ കാരണം വേണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
മാനസിക, ശാരീരിക പ്രശ്‌നങ്ങൾ
ഏകാന്തത അനുഭവിക്കുന്നവർക്ക് പല മാനസിക, ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും വൈദ്യശാസ്ത്രം പറയുന്നു. സ്വന്തം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയില്ലായ്‌മ, രോഗപ്രതിരോധശേഷി നശിക്കുക, ഉത്കണ്‌ഠ വർദ്ധിക്കുക, തീരുമാനങ്ങൾ എടുക്കുന്നതിലെ പോരായ്‌മ തുടങ്ങിയ പ്രശ്‌നങ്ങൾ ഏകാന്തത മൂലമുണ്ടാകും. വ്യക്തിയുടെ മാനസിക നില തന്നെ തകരുന്നതിലേക്ക് ഏകാന്തത കാരണമാകുമെന്നും വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു. ഒരുപക്ഷേ ആത്മഹത്യാ പ്രവണതയിലേക്ക് വരെ ഇത് നയിച്ചേക്കാമെന്നും മനശാസ്ത്ര വിദഗ്‌ദ്ധർ പറയുന്നു.
പരിഹാരം
ഇന്നത്തെ തലമുറയിലെ യുവാക്കൾക്കിടയിൽ ഏകാന്തത ഒരു പ്രശ്‌നമായി വളരുന്നുണ്ടെന്ന് ആദ്യം മനസിലാക്കേണ്ടത് സമൂഹം തന്നെയാണ്. ഇതിനായി ചില ബോധവത്കരണങ്ങൾ സമൂഹം മുനകയ്യെടുത്ത് നടത്തേണ്ടതാണ്. ഏകാന്തതയിൽ നിന്നും പുറത്തുകടക്കാൻ ചില മാർഗങ്ങൾ
ഒറ്റപ്പെടൽ സാധാരണ സംഭവമാണെന്ന് ആദ്യം മനസിലാക്കുക
ഒറ്റപ്പെടലിലേക്ക് നയിക്കുന്ന കാരണങ്ങൾ കണ്ടെത്തുക. അതിൽ നിന്നും പുറത്ത് കടക്കുക പിന്നീട് എളുപ്പമാണ്.
ആവശ്യമെങ്കിൽ വിദഗ്‌ദ്ധ സഹായം തേടുക.
നിലവിലുള്ള വ്യക്തിബന്ധങ്ങൾ കൂടുതൽ തരളിതമാക്കുക.
ഒരു ഹോബി കണ്ടെത്തുക
മനസിനും ശരീരത്തിനും റിലാക്‌സേഷൻ നൽകുന്ന യാത്രകൾ നടത്തുക.