yogitha-raghuvamshi

ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോറി ഡ്രൈവറായ യോഗിത രഘുവംശിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റവും അപകടം പിടിച്ച ഒരു തൊഴിൽ മേഖലയിൽ വളയം പിടിച്ച് ശീലിച്ച യോഗിതയെ സൂപ്പർവുമൺ എന്ന് തന്നെയാണ് വിളിക്കേണ്ടതെന്നാണ് ഡെലി പ്രസാദ് സുരേന്ദ്രൻ എന്നയാൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഇവരെക്കുറിച്ച് പറയാനോ ഉദാഹരിക്കാനോ സ്ത്രീസമത്വവാദികളോ സ്ത്രീസ്വാതന്ത്ര്യം ചിന്തിക്കുന്നവരോ ഇല്ലെന്നുള്ളത് രസകരമായ വസ്തുതയാണെന്നും പ്രസാദ് തന്റെ പോസ്റ്റിലൂടെ പറ‌‌ഞ്ഞു. കുലസ്ത്രീകളും ചന്തപെണ്ണുങ്ങളുമെന്ന് സ്ത്രീകളെ വേർതിരിക്കുമ്പോൾ ബലികഴിക്കപ്പെടുന്നത് അവരുടെ ആത്മാഭിമാനമാണ്. പ്രസാദ് പറയുന്നു.

ഡെലി പ്രസാദ് സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

'ഇരട്ടച്ചങ്കുള്ള പെണ്ണുങ്ങളുമുണ്ട് !.

സ്ത്രീ സമത്വത്തിന് ഭാരതം കൊടുത്തിട്ടുള്ള ഒരേയൊരു പരിഗണന അർദ്ധനാരീശ്വരനിൽ മാത്രമാണ്, ശക്തിയായും സൗന്ദര്യമായും ഭാരതാംബയായും വാഴ്ത്തുന്നപ്പെടുമ്പോഴും അടുക്കളപ്പുറങ്ങളിലെ തടവറകളുടെ സുരക്ഷിതത്വത്തിനുള്ളിലാണ് ഭൂരിഭാഗം പെണ്ണുങ്ങളും.

പൊന്നിനും പെണ്ണിനും അധികാരത്തിനുമായിട്ടാണ് യുദ്ധങ്ങളൊക്കെ നടന്നിട്ടുള്ളതെന്ന് പറയുമ്പോഴും, പൊരുതി നേടിയ സ്ത്രീകളെപ്പോലും അടച്ചിട്ട് സംരക്ഷിക്കുന്നവരാണ് പുരുഷകേസരികളിൽ ഭൂരിപക്ഷം. ഇതിനിടയിൽ ആണിന് വേണ്ടി പൊരുതിയ കണ്ണകിയുടെ ചരിത്രമൊക്കെയുണ്ടെങ്കിലും അതൊക്കെ ഭർതൃരക്ഷയെന്ന കടമയായി വാഴ്ത്താനാണ് സ്ത്രീകൾ പോലും ഇഷ്ടപ്പെടുന്നത്.

സമകാലിക നവോത്ഥാന അഭ്യാസങ്ങളിലാണ് സ്ത്രീ വർഗ്ഗീകരണത്തിന്റെ പുതിയ മുഖങ്ങൾ കാണപ്പെട്ടത്, കുലസ്ത്രീകളെന്നും ചന്തപ്പെണ്ണുങ്ങളെന്നും വേർതിരിച്ച് നടത്തിയ നാടകത്തിൽ അടപടലം പണി പാളിപ്പോയെങ്കിലും, ഇതിനിടയിൽ ബിംബവത്കരിക്കപ്പെട്ടത് സ്ത്രീകളുടെ ആത്മാഭിമാനമാണെന്ന് പെണ്ണുങ്ങൾക്കിനിയും മനസ്സിലായിട്ടില്ല.

വേഷം കെട്ടലുകളും, പുരുഷ വിദ്വേഷവും, വനിതാ ദിനങ്ങളിലെ അന്തിചർച്ചകളും മാത്രമാണ് സ്ത്രീ സമത്വമെന്ന് ധരിക്കുന്നവർക്ക്, സ്ത്രീകളെക്കുറിച്ച് വലിയ ധാരണയില്ലെന്ന് വേണം കരുതാൻ. അടുക്കളകൾ വിട്ട് അരങ്ങിലേക്കെത്തിയ സ്ത്രീകൾ, ബഹിരാകാശത്തും കൊടുമുടികളിലും അധികാരസ്ഥാനങ്ങളിലുമെല്ലാം പുരുഷനൊപ്പം ശോഭിക്കുന്നത് കണ്ണ് തുറന്ന് കാണാൻ ഇവർക്കൊന്നും ഇതുവരെയും കഴിഞ്ഞിട്ടില്ലായെന്നതാണ് സത്യം.

എത്ര വെല്ലുവിളികൾ നിറഞ്ഞ കര്‍മ്മരംഗമായാലും, ഇച്ഛാശക്തിയും കര്‍മ്മശേഷിയും ബുദ്ധിവൈഭവവും കൊണ്ട് അസാധാരണമായ വിജയം നേടാൻ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെക്കുറിച്ചൊക്കെ ഇടയ്ക്കൊന്ന് ചർച്ച ചെയ്യുന്നതും സ്ത്രീ പുരുഷ സമത്വത്തിന് ഉൾക്കാഴ്ച്ച നൽകും.

യോഗിത രഘുവംശി, ഈ പേര് ചിലർക്കെങ്കിലും പരിചയം കാണും, ഓരോ തവണയും 2500 കിലോമീറ്ററുകൾ വണ്ടിയോടിച്ച് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ. കൃത്യമായി പറഞ്ഞാൽ 19 വർഷം കൊണ്ട് 5 ലക്ഷം കിലോമീറ്റർ ദൂരം ലോറിയോടിച്ച് ജീവിതം പിടിച്ചെടുത്ത സൂപ്പർവുമൺ.

ഡ്രൈവറും ക്ളീനറുമായി രണ്ട് പുരുഷന്മാർ ഒരേ സമയം പണിയെടുക്കുന്ന തൊഴിൽ മേഖലയിൽ, ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ രണ്ട് തൊഴിലുകളും ചെയ്യുമ്പോൾ അവരെ സൂപ്പർവുമൺ എന്ന് തന്നെ വിളിക്കണം. ഏറ്റവും അപകടകരമായ തൊഴിലിടത്തിൽ ഏതൊരുവിധ ഭയാശങ്കകളുമില്ലാതെ വളയം പിടിക്കുന്ന സ്ത്രീയെക്കുറിച്ച് പറയാനോ ഉദാഹരിക്കാനോ സ്ത്രീസ്വാതന്ത്ര്യ വാദികളോ സമത്വ ചിന്തകരോയില്ലായെന്നതാണ് രസകരം.

മറ്റൊരു തൊഴിലും ലഭിക്കാത്തത് കൊണ്ട് ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നതല്ല യോഗിത, നിയമത്തിലും കൊമേഴ്‌സിലും ബിരുദമുണ്ടായിട്ടും ഇത്രയും വെല്ലുവിളി നിറഞ്ഞൊരു തൊഴിൽ സ്വീകരിക്കാൻ കാണിച്ച തന്റേടത്തിന് കൊടുക്കണം കൈയ്യടി.

പുരുഷാധിപത്യമെന്ന് നിലവിളിക്കുന്ന പെണ്ണുങ്ങൾ ഇതൊന്നും കാണില്ല, ദൈവത്തെ സംരക്ഷിക്കാനും മതിലുകൾ കെട്ടാനും നടക്കുന്നവർ ആദ്യം ചെയ്യേണ്ടത് അവനവനിലേക്ക് വളരാനുള്ള ആർജ്ജവം കണ്ടെത്തുകയെന്നതാണ്. ഒരു തൊഴിലിടവും ഒരു കസേരയും ഒരിടത്തും സ്ത്രീകളെ അകറ്റി നിറുത്തുന്നില്ല, കടന്നിരിക്കാൻ കെൽപ്പുള്ള പെണ്ണുങ്ങൾ മുന്നോട്ട് വരണമെന്ന് മാത്രം.

അർദ്ധനാരീശ്വരൻ എഴുതിയ പെരുമാൾ മുരുകനെ കല്ലെറിഞ്ഞ നാട്ടിൽ, പുരുഷനൊപ്പം നിൽക്കുന്ന പെണ്ണുങ്ങളുണ്ടാകുന്നത് കാണാനൊരു ആവേശമൊക്കെയുണ്ട്!.

ദിലിപ്രസാദ്‌ സുരേന്ദ്രൻ'