പൊന്നാനി: നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ കാറിലെ അഞ്ചു പേരെ രക്ഷിച്ച ഓട്ടോഡ്രൈവർ നിർമ്മാല്യം വിനോദിന്റെ ധീരതയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി. സഹജീവി സ്നേഹത്തിന് മാതൃകയായ ധീരമായ ഇടപെടലിന് പൊന്നാനി നഗരസഭയുടെ ആദരവും. ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായതിന് പിന്നാലെ നാട്ടിലെ ഹീറോയായി മാറിയിരിക്കുകയാണ് വിനോദ്.
ശനിയാഴ്ച ഉച്ചയോടെയാണ് പൊന്നാനി സ്വദേശി നവാസും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പുഴയിൽ വീണത്. കരിമ്പനയിൽ നിന്ന് ഓട്ടോറിക്ഷയുമായി സവാരി എടുക്കാൻ കർമ്മ റോഡിലൂടെ പോകവേയാണ് ഈ കാഴ്ച വിനോദിന്റെ കണ്ണിൽപ്പെട്ടത്. മുന്നിലൂടെ കടന്ന് പോയ കാർ നിയന്ത്രണം വിട്ട പോലെ വലത്തോട്ട് തിരിയുന്നതും കർമ്മ റോഡിനെ തഴുകിയൊഴുകുന്ന ഭാരതപ്പുഴയിലേക്ക് തെന്നിമറിയുന്നതും വിനോദ് കണ്ടു. നല്ല മഴയുമുണ്ടായിരുന്നു. വേഗത്തിൽ അവിടേക്കെത്തിയ വിനോദ് വണ്ടി ഓഫാക്കാനുള്ള സമയം പോലും പാഴാക്കിയില്ല. ഹാന്റ് ബ്രേക്കിൽ വണ്ടി നിറുത്തി പുഴയിലേക്ക് ചാടി.
നവാസിന്റെ ഉമ്മയും മക്കളുമടക്കം അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാർ മുഴുവനായും താഴ്ന്നിരുന്നു. ഡോർ തുറന്ന് കുട്ടികളടക്കം ഓരോരുത്തരെയും പിടിച്ച് കരയിലേക്ക് കയറ്റി. വെള്ളം കുടിച്ച് ബോധരഹിതരായ ഇവരെ തന്റെ ഓട്ടോറിക്ഷയിൽ പൊന്നാനി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. ഭയപ്പെടാനില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ വിനോദിന് ശ്വാസം നേരെ വീണു.
നീന്താൻ പോലും അറിയാത്ത താൻ എങ്ങിനെയാണ് ഒരാൾ താഴ്ചയുള്ള പുഴയിൽ ചാടി ജീവൻ രക്ഷിച്ചതെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല ഈ 32കാരന്. ചാട്ടത്തിനിടയിൽ കാലിന് മുറിവ് പറ്റിയെങ്കിലും അതിൽ തെല്ലും വേദനയില്ല. ഓട്ടോയുടെ പേര് നിർമ്മാല്യം എന്നായതിനാൽ നിർമ്മാല്യം വിനോദ് എന്നാണ് നാട്ടുകാർ വിളിക്കുന്നത്. പൊന്നാനി ചെറുവായ്ക്കര മുക്കട കാട്ടിൽ ചന്ദൻ-ഉഷ ദമ്പതികളുടെ മകനാണ് വിനോദ്.