പത്തനംതിട്ട: പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഒമാനിൽ നിന്നുള്ള ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ശങ്കരപ്പിള്ള കുമ്പളത്ത് രാജിവച്ചു. തുടർച്ചയായി സർക്കാർ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയുമാണെന്നും പ്രവാസികളുടെ ക്ഷേമത്തിന് എന്ന പേരിൽ ആരംഭിച്ച ലോക കേരളസഭ സമ്പൂർണ പരാജയമാണെന്ന് പ്രഥമ ലോക കേരളസഭയുടെ രണ്ടാം ദിവസം തന്നെ താൻ പറഞ്ഞത് സത്യമാവുകയാണെന്നും ശങ്കരപ്പിള്ള കുമ്പളത്ത് പറഞ്ഞു.
ഇതേ പ്രസ്താവനയുമായി അദ്ദേഹം കൊടുത്ത പത്രവാർത്ത മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സർക്കാർ ഖജനാവിലെ പണം ധൂർത്തടിച്ച ഈ സഭയുടെ പ്രവർത്തനങ്ങൾ ഒന്നും തന്നെ നാളിതുവരെയായിട്ടും ലക്ഷ്യം കണ്ടിട്ടില്ല. പ്രവാസികളെയും സംരംഭകരെയും പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഒരോ ദിവസവും കേൾക്കുന്നത്. സർക്കാർ പ്രവാസികൾക്കു നല്കിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആന്തൂരിൽ പ്രവാസിയായ സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവം.
കുറ്റക്കാരെ സംരക്ഷിക്കാനാണ് ഇപ്പോഴും സർക്കാർ ശ്രമിക്കുന്നത്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്ന പ്രവാസി സംരംഭകരുടെ എണ്ണം വർധിക്കുകയാണ്. അധികൃതരുടെ അവഗണനയെ തുടർന്ന് പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകനായ സുഗതനെ മലയാളികൾ മറന്നിട്ടില്ല. സുഗതന്റെ ആത്മഹത്യയ്ക്കു കാരണക്കാരായവർക്കെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ല. സ്വദേശിവത്ക്കരണം പല രാജ്യങ്ങളിലും കർശനമായി നടപ്പിലാക്കുകയാണ്.
ഇതോടെ നിരവധി പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. ഇവരെയും കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളാകുമോ എന്ന പ്രവാസികളുടെ ഭയത്തെ പറ്റി "സുഗതന്മാർ ആവർത്തിക്കാതിരിക്കട്ടെ" എന്ന പേരിൽ ശങ്കരപ്പിള്ള കുമ്പളത്ത് എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിലൂടെ ലോക കേരളസഭ തുടക്കം മുതൽ തന്നെ പരാജയമാണെന്നും മുൻപോട്ടു വെച്ച വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സഭയും സംസ്ഥാന സർക്കാരും വിജയിച്ചില്ല എന്നതു തന്നെയാണ് വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസിക്കൊപ്പം സർക്കാരുണ്ടെന്ന് കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ലോക കേരളസഭ പ്രഹസനം മാത്രമായിരുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഈ ആത്മഹത്യകൾ നല്‍കുന്നത്. ഇത്തരമൊരു സഭയിൽ തുടരുന്നതിൽ അർത്ഥമില്ല. സഭ രൂപീകരിച്ച ആദ്യ ഘട്ടത്തിൽ തന്നെ അതിന്റെ പ്രശ്നവശങ്ങൾ ശങ്കരപ്പിള്ള കുമ്പളത്ത് ചൂണ്ടിക്കാട്ടിയിരുന്നു. പ്രഥമ ലോക കേരളസഭ തന്നെ പ്രവാസികളോടുള്ള അവഗണനയാണെന്നു മനസിലാക്കിയ അദ്ദേഹം ഇതെപ്പറ്റി എഴുതിയ ലേഖനവും ശ്രദ്ധേയമാണ്. ശേഷം ദുബയിൽ വെച്ചു നടന്ന ലോക കേരളസഭയിൽ ഒരു ദിവസം മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. രണ്ടാം ദിവസം മുതൽ സഭ ബഹിഷ്കരിച്ച് നയങ്ങളോടുള്ള എതിർപ്പ് അന്നേ വ്യക്തമാക്കിയിരുന്നു.
ഈ സർക്കാർ അധികാരത്തിലേറിയ ശേഷം പ്രവാസികൾക്ക് ബജറ്റിൽപോലും കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. പ്രവാസി ക്ഷേമം, പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കും എന്നിങ്ങനെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാഴ്വാക്കായി. പ്രവാസികള്‍ക്കൊപ്പം നിൽക്കുന്ന ഏത് കൂട്ടായ്മക്കും പിന്തുണ നല്കാൻ തയ്യാറാണ്. എന്നാൽ, പ്രവാസികളുടെ സാമ്പത്തികം മാത്രം ലക്ഷ്യം വെച്ചുള്ള ചൂഷണത്തിനെ പിന്തുണക്കാന്‍ സാധിക്കില്ല എന്ന ഉറച്ച നിലപാടും ശങ്കരപ്പിള്ള കുമ്പളത്ത് മുൻപോട്ടു വെച്ചു.
പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയും അവഗണന തുടർക്കഥയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാവുകയാണ്. പ്രവാസി ക്ഷേമം, പ്രവാസി സംരംഭകർക്കുള്ള പ്രോത്സാഹനം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച നയങ്ങളിലും നിയമങ്ങളിലും സാര്‍വദേശീയ കരാറുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും ശങ്കരപ്പിള്ള പറഞ്ഞു.