kerala-number-one

ന്യൂഡൽഹി: നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിന് ഒന്നാം സ്ഥാനം. കഴിഞ്ഞ റിപ്പോർട്ടിലേത് പോലെ ഉത്തർപ്രദേശിന് തന്നെയാണ് ഇത്തവണയും അവസാന സ്ഥാനം. 2015-16 മുതൽ 2017 - 18 വരെയുള്ള കാലയളവിൽ ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിന് പിന്നിൽ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 'ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, വികസിത ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ.രാജീവ് കുമാറാണ് പുറത്തിറക്കിയത്.

23 ഹെൽത്ത് ഇൻഡിക്കേറ്ററുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. വലിയ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഹരിയാന,​ രാജസ്ഥാൻ,​ ജാർഖണ്ഡ് എന്നിവരാണ് മുന്നിൽ. കഴിഞ്ഞ വർഷത്തേക്കാൾ ഹരിയാന, ജാർഖണ്ഡ‌്, ആസാം എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്‌ച വച്ചപ്പോൾ ചത്തീസ്ഗഡിന്റെ വളർച്ച നിരാശപ്പെടുത്തി. റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.