mehul

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിനെ 13,400 കോടി രൂപ കബളിപ്പിച്ച് രാജ്യം വിട്ട രത്നവ്യാപാരി നീരവ് മോദിക്കൊപ്പം പ്രതിയായ അയാളുടെ മാതുലൻ മെഹുൽ ചോക്‌സിയെ (60) കരീബിയൻ ദ്വീപരാഷ്‌ട്രമായ ആന്റിഗ്വ ഇന്ത്യയ്‌ക്ക് കൈമാറും. ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ ഇന്ത്യയെ അറിയിച്ചതാണ് ഇക്കാര്യം.

ആന്റിഗ്വയിൽ പൗരത്വമുള്ള ചോക്‌സിയെ അവിടത്തെ നിയമ വഴികളെല്ലാം അടയുമ്പോൾ ഇന്ത്യയ്‌ക്ക് കൈമാറുമെന്നാണ് സൂചന.

നീരവ് മോദി ഇപ്പോൾ ലണ്ടനിൽ ജയിലിലാണ്. ഇരുവരെയും സി.ബി.ഐയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തിക കുറ്റവാളികൾക്ക് ‌തങ്ങൾ സുരക്ഷിത താവളം ഒരുക്കില്ലെന്ന് ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു. മെഹുൽ ചോക്‌സിയുടെ പൗരത്വം റദ്ദാക്കും. അതിന് ശേഷം ഇന്ത്യയ്‌ക്ക് കൈമാറും. കുറ്റവാളികൾക്കും മൗലികാവകാശങ്ങളുണ്ട്. ചോക്‌സിക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. അയാൾക്ക് ഇവിടെ ലഭ്യമായ നിയമ വഴികളെല്ലാം അടയുമ്പോൾ അയാളെ ഇന്ത്യയ്‌ക്ക് കൈമാറും. അക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ബ്രൗൺ പറഞ്ഞതായി ആന്റിഗ്വ ഒബ്‌സർവർ പത്രം റിപ്പോർട്ട് ചെയ്‌തു.

2018 ആദ്യമാണ് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്തു വന്നത്. അതിനുമുൻപേ മോദിയും ചോക്‌സിയും രാജ്യം വിട്ടിരുന്നു. പ്രോസിക്യൂഷനിൽ നിന്ന് രക്ഷപ്പെടാനല്ല,​ ചികിത്സയ്‌ക്കാണ് താൻ ഇന്ത്യ വിട്ടതെന്നും യാത്ര ചെയ്യാൻ ആരോഗ്യം വീണ്ടുകിട്ടിയാൽ തിരിച്ചെത്താമെന്നുമാണ് ചോക്‌സി ബോംബെ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എങ്കിൽ അയാളെ കൊണ്ടുവരാൻ എയർ ആംബുലൻസ് അയയ്‌ക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.