കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്ക് നടപ്പുസാമ്പത്തിക വർഷം കേരളത്തിൽ വായ്‌പാ വിതരണത്തിൽ ലക്ഷ്യമിടുന്നത് 20 ശതമാനം വളർച്ച. വ്യക്തിഗത, വാഹന വായ്‌പകൾ 22 ശതമാനം വർദ്ധനയോടെ 2,200 കോടി രൂപയിലും മോർട്ട്‌ഗേജ് (ഭവന, റിയൽ എസ്‌റ്റേറ്റ്) വായ്‌പകൾ 20 ശതമാനം വർദ്ധനയോടെ 900 കോടി രൂപയിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അനൂപ് ബഗ്‌ചി പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത്, ബാങ്കുകളുടെ ശരാശരി വായ്‌പാ-നിക്ഷേപ അനുപാതം (ക്രെഡിറ്ര്-ഡെപ്പോസിറ്റ് റേഷ്യോ) 67 ശതമാനമാണെങ്കിൽ ഐ.സി.ഐ.സി.ഐ ബാങ്കിന് ഇത് 87 ശതമാനമാണ്. 22,200 കോടി രൂപയാണ് കേരളത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ്. ഡിജിറ്റൽ സേവനങ്ങൾക്ക് മുൻഗണന നൽകുന്ന ബാങ്കിന് വ്യക്തിഗത, ബിസിനസ്, വാഹന, ഭവന വായ്‌പകൾ ഉടനടി ലഭ്യമാക്കാൻ 'ഇൻസ്‌റ്റ ലോൺ" പദ്ധതിയുമുണ്ട്. യോഗ്യരായവരുടെ അക്കൗണ്ടിൽ അപേക്ഷിച്ച് ഉടനടി പണമെത്തും. നടപ്പുവർഷം 2.25 ലക്ഷം വനിതാ സംരംഭകർക്കായി 550 കോടി രൂപയുടെ വായ്‌പ നൽകാനും ബാങ്ക് ലക്ഷ്യമിടുന്നു. 174 ശാഖകളും 316 എ.ടി.എമ്മുകളും കേരളത്തിൽ ബാങ്കിനുണ്ട്. നടപ്പുവർഷം പുതുതായി 7-8 ശാഖകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.