വില്‌പനയിൽ വൻ മാന്ദ്യം
കൊച്ചി: ആഭരണ പ്രേമികളെ നിരാശപ്പെടുത്തി സ്വർണവില റെക്കാഡ് തകർത്ത് കുതിക്കുന്നു. കേരളത്തിൽ, പവന് 280 രൂപ വർദ്ധിച്ച് വില 25,680 രൂപയിലെത്തി. 35 രൂപ ഉയർന്ന് ഗ്രാം വില 3,210 രൂപയായി. ഈമാസം ഇതുവരെ പവന് 1,600 രൂപയും ഗ്രാമിന് 200 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിലയുടെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഏതാനും നാളുകൾക്ക് മുമ്പ് ഔൺസിന് 1,350 ഡോളറിൽ താഴെയായിരുന്ന രാജ്യാന്തരവില ഇന്നലെ രേഖപ്പെടുത്തിയത് ആറുവർഷത്തെ ഉയരമായ 1,439 ഡോളറാണ്. ഓഹരി വിപണികളുടെ തളർച്ചയും ദുർബലമായ ഡോളറുമാണ് സ്വർണത്തെ നിക്ഷേപക ലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാജ്യാന്തര വില വൈകാതെ 1,500 ഡോളറിൽ എത്തിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. അത് സംഭവിച്ചാൽ, കേരളത്തിൽ പവൻവില 27,000 രൂപ കടക്കും.
വില്‌പന വർദ്ധനമൂലം കേരളത്തിൽ സ്വർണവിപണി കനത്ത മാന്ദ്യത്തിലേക്ക് വീണു. ചെറുകിട വ്യാപാരികൾ 50 ശതമാനം വരെ വില്‌പനയിടിവ് നേരിടുന്നുണ്ടെന്ന് എ.കെ.ജി.എസ്.എം.എ സംസ്‌ഥാന ട്രഷറർ എസ്. അബ്‌ദുൾ നാസർ പറഞ്ഞു. മുൻകൂട്ടി, കുറഞ്ഞ വിലയ്ക്ക് ബുക്ക് ചെയ്യപ്പെട്ട വിവാഹാഭരണ വില്‌പനയാണ് കൂടുതലും നടക്കുന്നത്. ചെറുകിട പർച്ചേസുകൾ വൻതോതിൽ ഇടിഞ്ഞു.