editorial

'നീതിക്കായി ആരോഗ്യം, ആരോഗ്യത്തിനായി നീതി' (ഹെൽത്ത് ഫോർ ജസ്റ്റിസ്, ജസ്റ്റിസ് ഫോർ ഹെൽത്ത്)എന്ന സന്ദേശം ഉയർത്തിയാണ് ഈ വർഷം അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിക്കുന്നത്. മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാർഥങ്ങൾ സമൂഹത്തിൽ അതിഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിനും നീതിയ്ക്കും പ്രാധാന്യം നൽകുന്ന ഈ സന്ദേശം ഉയർത്തുന്നത്. ലഹരിവസ്തുക്കളുടെ കാര്യത്തിൽ ആരോഗ്യപരിപാലനവും നീതിനിർവഹണവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നു കാണാം. മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന് ആരോഗ്യ-സാമൂഹ്യമേഖലകളുടെയും നീതിനിർവഹണ സംവിധാനത്തിന്റെയും ഒരേപോലെയുള്ള ഫലപ്രദമായ ഇടപെടൽ ആവശ്യമാണ്. അവ അന്താരാഷ്ട്രതലത്തിലുള്ള ലഹരിവിരുദ്ധസമീപനം അനുസരിച്ചുള്ളതും മനുഷ്യാവകാശങ്ങളെ ഹനിക്കാത്തതും ആയിരിക്കണം എന്നാണ് ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുന്നത്. വർധിച്ചുവരുന്ന ലഹരിഉപയോഗം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മാറുകയാണ്. വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ വേരാഴ്ത്താൻ ലഹരിമാഫിയ നിരന്തരശ്രമം നടത്തുന്നു. ചെറുപ്പത്തിലേ അടിമകളാക്കി മാറ്റി ദീർഘകാലം അവരെ ഉപഭോക്താക്കളാക്കി പണം കൊയ്യുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. മയക്കുമരുന്നിന് അടിമപ്പെടുന്നവർ വ്യക്തിയെന്ന നിലയിൽ തങ്ങൾക്കുള്ള എല്ലാ ഉത്തരവാദിത്വവും വിസ്മരിക്കും. അത് വ്യക്തിപരമായ നാശത്തിലേക്കും കുടുംബത്തിന്റെ തകർച്ചയിലേക്കുമാണ് ചെന്നെത്തുക. ലഹരിഉപയോഗം സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായി ഒട്ടേറെ ഗുരുതര പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യപുരോഗതിയെ അത് സാരമായി ബാധിക്കും. നാടിന്റെ വികസനപ്രക്രിയയെ ദുർബലപ്പെടുത്തും. ഏതൊരു സമൂഹത്തിന്റെയും ഭാവി നിർണയിക്കേണ്ടവരാണ് വിദ്യാർഥികളും യുവാക്കളും. വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുവരുന്ന കൗമാരക്കാരുടെ ദൗർബല്യങ്ങളാണ് ലഹരിവിതരണക്കാർ മുതലെടുക്കുന്നത്. കുട്ടികളുടെ സാമാന്യബോധത്തെ ലഹരിയ്ക്കും അനാശാസ്യപ്രവണതകൾക്കും അടിമപ്പെടുത്തി നശിപ്പിക്കുന്നു. വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിലെ ലഹരി ഉപയോഗം ഗൗരവമായി കണ്ട് ലഹരിമാഫിയക്കെതിരെ സാമൂഹിക കൂട്ടായ്മ വളർത്തിയെടുക്കണം. കുടുംബത്തിലും സമൂഹത്തിലും മയക്കുമരുന്നുകൾക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കണം. എൻഫോഴ്സ്‌മെന്റ് ശക്തിപ്പെടുത്തിയതിന്റെ ഫലമായി വൻതോതിൽ മയക്കുമരുന്നും ഇതര ലഹരിവസ്തുക്കളും പിടിച്ചെടുക്കാൻ എക്‌സൈസ് വകുപ്പിന് കഴിയുന്നുണ്ട്. ർ ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്കു പിറകെ പോകുന്നത്. ആരോഗ്യത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ അവർ ആശങ്കാകുലരല്ല. അറിയാനുള്ള ആകാംക്ഷയിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതിൽ പ്രധാനകാരണമാകുന്നുണ്ട്. ആരോഗ്യം ക്ഷയിച്ച് ലക്ഷ്യബോധമില്ലാത്തവരായി മാറുന്നവരെ തങ്ങൾ കുടുംബത്തിനും സമൂഹത്തിനും വേണ്ടാത്തവരായെന്ന ബോധം വേട്ടയാടുന്നു. കുടുംബാംഗങ്ങളുടെ നല്ല ഇടപെടലും ശ്രദ്ധയും ഉണ്ടായെങ്കിലേ ലഹരിയുടെ പിടിയിലകപ്പെടാതെ യുവതലമുറയെ സംരക്ഷിക്കാനാവൂ. ലഹരിവിപണനക്കാർക്കും ഉപഭോക്താക്കൾക്കുമപ്പുറത്ത് ലഹരിമാഫിയയുടെ അതിവിപുലമായ ഒരു ശൃംഖല തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ കോടികൾ കൈമറിയുന്ന വൻബിസിനസ്സാണ് മയക്കുമരുന്ന് കടത്ത്. കേരളത്തിൽ എൻഫോഴ്സ്‌മെന്റ് ശക്തമാക്കിയതോടെ പുതിയ രൂപങ്ങളിലുള്ള ലഹരിപദാർഥങ്ങൾ കടത്തിക്കൊണ്ടുവരികയാണ്. ഇവിടെ സാധാരണയായി ഉപയോഗത്തിലില്ലാത്ത ഹാഷിഷ് ഓയിൽ എം.ഡി.എം.എ, ഓപ്പിയം, എൽ.എസ്.ഡി തുടങ്ങിയവ അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾക്കു പുറമെ കൃത്രിമ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന പ്രവണതയും വർധിക്കുന്നു. എൽഎസ്ഡി, മാജിക്ക് മഷ്റൂം, വൈറ്റ്നർ, പെയിന്റ്, ഷൂപോളിഷ്, കഫ്സിറപ്പ്, തുടങ്ങി കണ്ണിൽകാണുന്നതെന്തും ലഹരിക്കായി ഉപേയാഗിക്കുന്ന അവസ്ഥയുമുണ്ട്. രക്ഷിതാക്കൾ നല്ല ജാഗ്രത പുലർത്തേണ്ടതിലേക്കാണ് വർധിച്ചുവരുന്ന ലഹരി ഉപയോഗം വിരൽചൂണ്ടുന്നത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം അതിശക്തമായ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളാണ് എക്‌സൈസ് വകുപ്പ് നടത്തുന്നത്. മൂന്നുവർഷത്തിനിടയിൽ 19,000 ത്തിലേറെ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കേസുകൾ കണ്ടെത്തുന്നതിലുണ്ടായ വർധനവ് എക്‌സൈസ് വകുപ്പ് പ്രത്യേക ശ്രദ്ധയോടെ കാണുന്നുണ്ട്. മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങളിലെ എൻഫോഴ്സ്‌മെന്റ് വിഭാഗങ്ങളുമായും സംസ്ഥാനത്ത് പൊലീസ് അടക്കമുള്ള വിഭാഗങ്ങളുമായും സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. .

(ലേഖകൻ തൊഴിലും നൈപുണ്യവും, എക്‌സൈസും വകുപ്പ് മന്ത്രിയാണ്)