ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് ശേഷം ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഭാവി ഇപ്പോൾ തുലാസിലാണ്. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും, അതിന്റെ കാരണങ്ങളെ കുറിച്ചും, പുരോഗമനപരമായ നിലപാടുകൾ വെച്ചുപുലർത്തുന്നവർക്കിടയിൽ കൊണ്ടുപിടിച്ച് ചർച്ചകൾ നടക്കുകയാണ്. ഇന്ത്യൻ മണ്ണിൽ നിന്നും തുടച്ചുനീക്കപ്പെടും എന്ന ദുസ്ഥിതിയിൽ എത്തിനിൽക്കുന്ന ഇടതുപക്ഷത്തെ ഇതിൽ നിന്നും കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംവാദങ്ങൾ നടക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും ഹിന്ദു ദേശീയതയേയും ശക്തമായി എതിർക്കാനും ജനങ്ങളെ കയ്യിലെടുക്കാനുമാകുന്ന ഒരു ഇതരമാർഗ്ഗം കണ്ടെത്താൻ ഇന്ത്യയിലെ മറ്റ് പാർട്ടികൾക്കും ഇടതുപക്ഷത്തിന് പ്രത്യേകിച്ചും കഴിഞ്ഞില്ല എന്നുള്ളതാണ് തോൽവിയുടെ പ്രധാന കാരണം. ജനങ്ങൾക്ക് വിശ്വാസ യോഗ്യമായ ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലും ഇന്ത്യൻ ഇടതുപക്ഷം ഒരു പൂർണ്ണ പരാജയമായിരുന്നു.
പതിനഞ്ച് കൊല്ലങ്ങൾക്ക് മുൻപ് ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ സഖ്യമായിരുന്നു ഇന്ത്യൻ ഇടതുപക്ഷം. 543 സീറ്റുകളുള്ള ലോക്സഭയിൽ 59 സീറ്റുകൾ കമ്യൂണിസ്റ്റ് പാർട്ടികൾ നയിക്കുന്ന ഇടതുപക്ഷത്തിന് അവകാവശ്യപ്പെട്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേടാനായത് വെറും 5 സീറ്റുകൾ മാത്രമാണ്. അതും വോട്ടെണ്ണലിന്റെ അവസാനത്തോടടുത്തപ്പോൾ കഷ്ടിച്ചാണ് തമിഴ്‌നാട്ടിലും കേരളത്തിലുമായുള്ള ഈ സീറ്റുകൾ ഇടതുപക്ഷത്തിന്റെ കൈകളിലേക്ക് എത്തുന്നത്. ബി.ജെ.പി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏറ്റവും ഫലപ്രദമായി പയറ്റിയത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് കമ്യൂണിസ്റ്റ് പാർട്ടികൾ വിലയിരുത്തുന്നതെങ്കിലും ഇടതുപക്ഷത്തിന്റെ എന്നെന്നേക്കുമായുള്ള അന്ത്യത്തിലേക്കാണ് ഈ ഫലം വിരൽ ചൂണ്ടുന്നത്.
സത്യത്തിൽ ഏറെ നാളുകളായി ഇടതുപക്ഷം മരണത്തിന് തുല്യമായ അവസ്ഥയിൽ തന്നെ ആയിരുന്നു. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ അതിനൊരു ഔദ്യോഗിക സ്ഥിരീകരണമായി എന്നേയുള്ളൂ. താരതമ്യേന വൈകിയാണ് കമ്മ്യൂണിസം ഇന്ത്യൻ രാഹ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ(സി.പി.ഐ) പാർട്ടി സ്ഥാപിച്ചുകൊണ്ട് എം.എൻ റോയ് ആണ് അതിന് തുടക്കമിടുന്നത്. ലോകത്തിൽ തന്നെ ജനാധിപത്യപരമായ മാർഗത്തിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഉണ്ടായത് കേരളത്തിലാണ്. 1957ൽ. പത്ത് വർഷത്തിന് ശേഷം ബംഗാളിലും വിജയം രുചിക്കാൻ കമ്മ്യൂണിസ്റ്റുകാർക്കായി. അത് ത്രിപുരയിലും ആവർത്തിച്ചു. ജന്മി സമ്പ്രദായം അവസാനിപ്പിച്ച് ഭൂപരിഷ്കരണത്തിലൂടെ ജനങ്ങളെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനായാണ് ഇവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വിജയത്തിൽ കലാശിച്ചത്. ഇതിനിടയിൽ പാർട്ടി രണ്ടായി പിളർന്നെങ്കിലും ഒരു ദശാബ്ദത്തിന് ശേഷം അവർ വീണ്ടും ഒന്നിച്ചു.
എന്നാൽ ബംഗാളിലെ നക്സൽബാരി സംഭവത്തോടെ പാർട്ടിയിൽ പ്രശ്നങ്ങൾ ഉടലെടുത്തു, ലെനിന്റേയും സ്റ്റാലിന്റെയും പിന്മുറക്കാരായ കമ്മ്യൂണിസ്റ്റുകാർ, തങ്ങളുടെ പ്രത്യയശാസ്ത്രവും രാഷ്‌ടീയ നിലപാടുകളും മറന്നുകൊണ്ട്, അധികാരം മാത്രം ലക്ഷ്യം വച്ച്, ആ പഴയ ഏകാധിപത്യ സ്വഭാവത്തിലേക്ക് കൂപ്പുകുത്തി. തൊഴിൽശാലകൾ അടഞ്ഞു, വഴിയോര കച്ചവടക്കാരെ സംസ്ഥാനം മോടിപിടിപ്പിക്കാൻ എന്ന കാരണം പറഞ്ഞ് തല്ലി ഓടിച്ചു, വികസനത്തിന്റെ പേരിൽ കർഷകരിൽ നിന്നും ഭൂമി തട്ടിപ്പറിച്ച് അത് മുതലാളിമാർക്ക് വിറ്റു. ചുരുക്കത്തിൽ തങ്ങൾ എന്തിനുവേണ്ടിയാണോ നിലകൊണ്ടത്, അതിന് കടകവിരുദ്ധമായി സി.പി.എം പ്രവർത്തിക്കാൻ തുടങ്ങി. ഇതിനെത്തുടർന്ന് പാർട്ടിക്കെതിരെ പ്രതിഷേധം രൂക്ഷമായി. അവസാനം പ്രതിഷേധകരെ തടയാനായി കേന്ദ്ര സർക്കാരിന്റേയും ഇസ്രായേലി സേനയുടെ പോലും സഹായം ബംഗാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് തേടേണ്ടി വന്നു. കേരളത്തിലെ സ്ഥിതിയും ഏറെ വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ വർഷമാണ് സർക്കാരിന്റെ നിർബന്ധിത ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച നിലമ്പൂർ കീഴാറ്റൂരിലെ ജനങ്ങളുടെ സമരകുടിലുകൾ സി.പി.എം പ്രവർത്തകർ തീവച്ച് നശിപ്പിക്കുന്നത്.
ഈ പ്രശ്നങ്ങൾക്കൊക്കെ ഇടയിൽ ബി.ജെ.പി ജനങ്ങൾക്കിടയിൽ മുന്നേറ്റം നടത്തുന്നത് തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിഞ്ഞില്ല. കഴിഞ്ഞെങ്കിൽ തന്നെ അവർക്കാ നീക്കത്തെ പ്രതിരോധിക്കാനും ആയില്ല. ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഒരു നാട്ടിൽ വർഗ സമരം കൊണ്ട് ജനസമിതി നേടാൻ നോക്കിയതും കാലാകാലങ്ങളായി സി.പി.എമ്മിന്റെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല താണ ജാതിക്കാരോടും ദളിതരോടും ന്യൂനപക്ഷങ്ങളോടും ഐക്യപ്പെടുന്നു എന്നവകാശപ്പെടുന്ന പാർട്ടി കടുത്ത സവർണബോധമാണ് ഉള്ളിൽ സൂക്ഷിക്കുന്നത്. ഇത്രയും നാളായിട്ടും സി.പി.എം, സി.പി.ഐ പാർട്ടികളുടെ നേതൃസ്ഥാനങ്ങളിൽ ഒരു ദളിതനോ, ആദിവാസിയോ, മുസ്ലിമോ എത്തിയിട്ടില്ല.
മാത്രമല്ല കാലാകാലങ്ങളിൽ ദേശവിരുദ്ധതയും കമ്യൂണിസ്റ്റ് പാർട്ടി വെളിവാക്കിയിട്ടുണ്ട്. 2006ൽ ഇന്ത്യയ്ക്ക് ഗുണകരമാകാമായിരുന്ന അമേരിക്കയുമായുള്ള ആണവ കരാറിനെ ഏറ്റവും ശക്തമായി എതിർത്തത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. കശ്മീർ വിഷയത്തിലും ഇരട്ടത്താപ്പ് നയമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിച്ചത്. വിശ്വാസി സമൂഹത്തെ സംബന്ധിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതീക്ഷ ആസ്ഥാനത്തായിരുന്നു. പാർട്ടിയുടെ ഈ നിലപാടുകളിലൂടെ ദളിതരും, മുസ്ലീങ്ങളും, ഹിന്ദു സമൂഹവും ഇടതുപക്ഷത്തിൽ നിന്നും കൂടുതൽ അകന്നു പോകുകയും ഇത് ബി.ജെ.പിക്ക് ഗുണകരമായി ഭവിക്കുകയും ചെയ്തു.
ഈ സംഭവങ്ങളെല്ലാം ഇനിയൊരു തിരിച്ചുവരവ് ഇന്ത്യൻ ഇടതുപക്ഷത്തിന് സാധ്യമാണോ എന്ന ചോദ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അങ്ങനെ സംഭവിച്ചാൽ തന്നെ ഇടതുപക്ഷ പാർട്ടികൾക്ക് താഴെക്കിടയിൽ നിന്നും ഒന്നുകൂടി തങ്ങളുടെ ജോലി ആരംഭിക്കേണ്ടി വരും. താഴെക്കിടയിലുള്ള ജനങ്ങളെ, തൊഴിലാളികളെ, ദളിതരെ, ഇതരമതസ്ഥരെ എല്ലാം തങ്ങളിൽ നിന്നും അകറ്റിയ ഇടതുപക്ഷത്തിന് വീണ്ടും അവരുടെ വിശ്വാസം ആർജിക്കാനായാൽ മാത്രമേ ഇനിയും ഇന്ത്യൻ മണ്ണിൽ ഇനിയൊരു നിലനിൽപ്പ് സാധ്യമാകൂ.