ന്യൂഡൽഹി: ഇന്ത്യക്കാർ1980 മുതൽ 2010 വരെയുള്ള 30 വർഷക്കാലയളവിൽ 49,000 കോടി ഡോളറിന്റെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ പഠന റിപ്പോർട്ട്. ഡോളറിന്റെ ഇപ്പോഴത്തെ മൂല്യം അനുസരിച്ച് ഇത് 33.81ലക്ഷം കോടി രൂപ വരും.
ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തിന് പുറമേയാണിത്. റിയൽ എസ്റ്റേറ്റ്, ഖനനം, സ്വർണം, പുകയില ഉത്പന്നങ്ങൾ, സിനിമ, വിദ്യാഭ്യാസം തുടങ്ങിയവയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളപ്പണം നിക്ഷേപിക്കുന്ന മേഖലകൾ എന്നും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തിങ്കളാഴ്‌ച ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇന്ത്യക്കാർ രാജ്യത്തിനകത്തും വിദേശത്തും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിട്ടപ്പെടുത്താൻ 2011ൽ യു.പി.എ സർക്കാരിന്റെ നിർദ്ദേശപ്രകാരം മൂന്ന് പ്രമുഖ ധനകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ.
പഠന റിപ്പോർട്ടുകൾ യു. പി. എ സർക്കാരിന് അക്കാലത്തു തന്നെ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല. അവിഹിത സമ്പാദ്യത്തിന്റെ പത്ത് ശതമാനം മാത്രമാണ് വിദേശത്തേക്ക് കടത്തുന്നത് എന്നാണ് പഠനങ്ങളിലെ നിഗമനം. കള്ളപ്പണം കുന്നുകൂടുന്നത് കൃത്യമായി കണക്കാക്കാൻ മാർഗങ്ങളില്ലാത്തതിനാൽ ഈ കണക്കുകൾ 'നിഗമനം" മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കള്ളപ്പണ കണക്ക്
മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകളും മൂന്ന് കാലയളവുകളിലെ കള്ളപ്പണമാണ് കണക്കാക്കിയിരിക്കുന്നത്. അത് ഇങ്ങനെയാണ്:
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് പോളിസി ആൻഡ് ഫിനാൻസ്
1997 - 2009 കാലയളവിൽ രാജ്യത്തിന്റെ മൊത്ത വരുമാനത്തിന്റെ (ജി.ഡി.പി ) 0.2% മുതൽ 7.4% വരെ കള്ളപ്പണം വിദേശത്തേക്ക് ഒഴുകി.
നാഷണൽ കൗൺസിൽ ഒഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച്
1980-2010 കാലയളവിൽ 38,400 കോടി ഡോളർ മുതൽ 49,000 കോടി ഡോളർ വരെ കള്ളപ്പണം ഇന്ത്യക്കാർ വിദേശത്തേക്ക് കടത്തി. അതായത് 26.496 ലക്ഷം കോടി രൂപ മുതൽ 33.81 ലക്ഷം കോടി രൂപ വരെ.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻഷ്യൽ മാനേജ്മെന്റ്
1990 മുതൽ 2008 വരെ 21,648 കോടി ഡോളർ (14,93,712 കോടി രൂപ) കള്ളപ്പണമായി വിദേശത്തേക്ക് കടത്തി.