മുംബയ്: ബിനോയ് കോടിയേരി വിഷയത്തിൽ മുംബൈ പൊലീസ് പീഡനത്തിന് ഇരയായ യുവതിയുടെ രഹസ്യ മൊഴിയെടുക്കും. വേണമെങ്കിൽ വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിച്ച അഭിഭാഷകൻ ശ്രീജിത്തിനേയും ചോദ്യം ചെയ്യുമെന്നും ഓഷിവാര പൊലീസ് അറിയിച്ചു. ബിനോയ് കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ബിനോയിയെ കണ്ടെത്താൻ കേരളത്തിലെത്തിയ മുംബയ് പൊലീസ് സംഘത്തിന് കഴിഞ്ഞിട്ടില്ല.
അതേസമയം, ബിനോയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇന്ന് പുറപ്പെടുവിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു. ബിനോയ് നൽകിയ ജാമ്യ ഹർജിയിൽ വിധി പറയുന്നത് മുംബൈയിലെ കോടതി മാറ്റിവച്ച സാഹചര്യത്തിലാണ് പൊലീസ് ഈ തീരുമാനത്തിൽ എത്തിയിരുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ബിനോയ് ഇതുവരെ ഹാജരാകാൻ കൂട്ടാക്കിയിട്ടില്ല.
വ്യാഴാഴ്ചയാണ് ബിനോയിയുടെ മുൻകൂർ ജാമ്യഹർജി കോടതി പരിഗണിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുൻപേ തന്നെ ബിനോയിയെ അറസ്റ്റ് ചെയ്യാനായിരുന്നു മുംബയ് പോലീസിന്റെ നീക്കം. നിലവിൽ ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്‌താൽ മാത്രമേ പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധനയും പൊലീസിന് നടത്തേണ്ടതായുണ്ട്.