കൊച്ചി: പ്രമുഖ നിയോ ബാങ്കിംഗ് സ്ഥാപനവും മലയാളി സംരംഭവുമായ ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് 250 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി. കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത്, ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പണിന്റെ സ്ഥാപക-സാരഥികൾ പെരിന്തൽമണ്ണ സ്വദേശികളും സഹോദരങ്ങളുമായ അനീഷ് അച്ചുതൻ (സി.ഇ.ഒ), അജീഷ് അച്ചുതൻ (സി.ടി.ഒ), തിരുവല്ല സ്വദേശികളായ മേബൽ ചാക്കോ, ഒഡീന ജേക്കബ് (സി.ഒ.ഒമാർ) എന്നിവരാണ്.
2017ലാണ് ഇവർ ഓപ്പണിന് തുടക്കമിട്ടത്. ബാങ്കുകളുമായി സഹകരിച്ച്, ചെറുകിട വ്യാപാരികൾക്ക് ബാങ്കിംഗ് സേവനത്തിന് പുറമേ വ്യാപാരാധിഷ്‌ഠിത സേവനങ്ങളും നൽകുന്ന പ്ളാറ്റ്‌ഫോമാണ് ഓപ്പൺ. വ്യാപാരികൾക്ക് കറന്റ് അക്കൗണ്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, വായ്‌പകൾ എന്നിവയ്ക്ക് പുറമേ വ്യാപാരത്തിന്റെ ഭാഗമായുള്ള അക്കൗണ്ടിംഗ്, ഇൻവോയിസ് തയ്യാറാക്കൽ, കസ്‌റ്റർ പേമെന്റ്സ്, ജി.എസ്.ടി ഫയലിംഗ് തുടങ്ങിയ സേവനങ്ങളും ഒറ്റ പ്ളാറ്റ്‌ഫോമിൽ നൽകുന്നുവെന്നതാണ് ഓപ്പണിന്റെ സവിശേഷത. പ്രധാനമായും ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്നാണ് ബാങ്കിംഗ് സേവനങ്ങൾ ഓപ്പൺ നൽകുന്നത്.
ഫേസ്‌ബുക്ക്, ഫ്ളിപ്കാർട്ട്, യൂബർ തുടങ്ങിയവയിൽ നിക്ഷേപമുള്ള ടൈഗർ ഗ്ളോബലിൽ നിന്നാണ് ഓപ്പൺ പ്രധാനമായും നിക്ഷേപം സ്വന്തമാക്കിയത്. ഇതോടെ, കമ്പനി മൂന്നുമാസത്തിനിടെ മൊത്തം 265 കോടി രൂപയുടെ നിക്ഷേപം നേടിയെന്ന് സി.ഇ.ഒ അനീഷ് അച്ചുതൻ 'കേരളകൗമുദി"യോട് പറഞ്ഞു. ആയിരം കോടി രൂപയാണ് ഇപ്പോൾ കമ്പനിയുടെ മൊത്തം മൂല്യം. ഡൽഹിയിലും മുംബയിലും ഓഫീസുള്ള കമ്പനിയിൽ 85 പേരാണ് ജീവനക്കാർ. നിലവിൽ ഒരുലക്ഷം വ്യാപാരികൾ ഓപ്പൺ പ്ളാറ്റ്‌ഫോം ഉപയോഗിക്കുന്നു. 35,000 കോടി രൂപയുടെ ഇടപാടും ഒരുവർഷം നടക്കുന്നു.
ഈവർഷം, വ്യാപാരികളുടെ എണ്ണം പത്തുലക്ഷത്തിലേക്കും ഇടപാട് 3.5 ലക്ഷം കോടി രൂപയിലേക്കും ഉയർത്താനുള്ള നടപടികൾക്ക് നിക്ഷേപം പ്രയോജനപ്പെടുത്തും. ഓപ്പൺ പ്ളക്കാർഡ് എന്ന പേരിൽ സ്‌റ്റാർട്ടപ്പുകൾക്ക് ക്രെഡിറ്റ് കാർഡും ചെലവുകൾ കൈകാര്യം ചെയ്യാനാവുന്ന ലേയർ ബാങ്ക് അക്കൗണ്ട് സംവിധാനവും ഉടൻ പുറത്തിറക്കും. ഓപ്പൺ പ്ളക്കാർഡിലൂടെ പത്തുലക്ഷം രൂപവരെ വായ്‌പ നേടാം. ചെറുകിട മാനുഫാക്‌ചർമാർ, ജുവലറിക്കാർ, റെസ്‌റ്റോറന്റുകൾ, എഫ്.എം.സി.ജി വിതരണക്കാർ എന്നിവരാണ് ഓപ്പണിന്റെ ഇടപാടുകാർ. ഈവർഷം 30 കോടി രൂപയുടെ വരുമാനവും കമ്പനി പ്രതീക്ഷിക്കുന്നു. ജീവനക്കാരുടെ ഈവർഷം എണ്ണം 200ലേക്ക് ഉയർത്തുമെന്നും നിയമനം പ്രധാനമായും കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
10%
ഓപ്പണിന്റെ ഇടപാടുകാരിൽ പത്തു ശതമാനം കേരളത്തിലാണ്. ഓപ്പൺ പ്ളാറ്റ്‌ഫോമിലൂടെ ഒരുവർഷം 1,500-1,600 കോടി രൂപയുടെ ഇടപാട് കേരളത്തിൽ നടക്കുന്നുണ്ട്.