ന്യൂഡൽഹി:റഷ്യയിൽ നിന്ന് മിസൈൽവേധ എസ്-400 ട്രയംഫ് മിസൈലുകൾ ഇന്ത്യ വാങ്ങുന്നതിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെ ഡൽഹിയിൽ എത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി പോംപിയോ ഇന്ന് ചർച്ച നടത്തും. ഉപരോധം പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോൾ ട്രയംഫ് ഇടപാടിൽ അമേരിക്കയുടെ ഉൽക്കണ്ഠയും ചർച്ചാവിഷയമാകും. ട്രയംഫ് കരാറുമായി ഇന്ത്യ മുന്നോട്ട് പോയാൽ ചില ആധുനിക സാങ്കേതിക വിദ്യകളും എഫ്-21/ എഫ് 35 പോർവിമാനങ്ങളും ഇന്ത്യയ്‌ക്ക് നൽകുന്നതിൽ നിന്ന് അമേരിക്ക പിൻമാറിയേക്കുമെന്ന് ഉൽക്കണ്ഠയുണ്ട്.
വിദേശനയത്തിൽ അമേരിക്കയുമായി വളരെ അടുപ്പം പുലർത്തുന്ന നയതന്ത്ര സമീപനമാണ് വിദേശകാര്യ സെക്രട്ടറിയെന്ന നിലയിൽ ജയശങ്കർ സ്വീകരിച്ചിരുന്നത്. ജയശങ്കർ ഇന്ന് ഉച്ചയ്‌ക്ക് പോംപിയോയ്‌ക്ക് വിരുന്നു സൽക്കാരം നൽകും. ചർച്ചയ്‌ക്ക് ശേഷം പോംപിയോ വാർത്താസമ്മേളനം നടത്തും. വൈകിട്ടാണ് മോദിയുമായുള്ള ചർച്ച. അതിന് ശേഷം മോദി ജി- 20 ഉച്ചകോടിക്കായി ജപ്പാനിലെ ഒസാക്കയിലേക്ക് പോകും. 28, 29 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി ചർച്ച നടത്തും. അതിന്റെ മുന്നൊരുക്കത്തിന് കൂടിയാണ് പോംപിയോ എത്തിയത്. നാളെ രാവിലെ അദ്ദേഹവും ഒസാക്കയിലേക്ക് പോകും.
അമേരിക്കയുടെ വ്യാപാര മുൻഗണനാ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയതും, തുടർന്ന് യു.എസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതും ഉൾപ്പെടെ അസ്വാരസ്യങ്ങൾ നിലനിൽക്കെയാണ് പോംപിയോയുടെ സന്ദർശനം. 28 യു.എസ് ഉത്പന്നങ്ങൾക്കാണ് ഇന്ത്യ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത്. വ്യാപാര ബന്ധങ്ങൾ തന്നെയാവും പോംപിയോയുമായുള്ള പ്രധാന ചർച്ച വിഷയം. കരാറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നവ
ഇന്ത്യയുടെ റഷ്യൻ മിസൈൽ ഇടപാട്
ഇറാൻ, വെനിസ്വേല എണ്ണ ഇന്ത്യ വാങ്ങുന്നതിനുള്ള യു. എസ് വിലക്ക്
ചൈനീസ് ടെലികോം ഭീമനായ വാവേയ് കമ്പനിയെ 5 ജി ട്രയലിൽ പങ്കാളിയാക്കരുതെന്ന അമേരിക്കയുടെ നിർബന്ധം
എച്ച് വൺ ബി വിസ നിയന്ത്രണങ്ങൾ
ഇറാനുമായുള്ള പ്രശ്നങ്ങൾ