modi

ന്യൂഡൽഹി: കോൺഗ്രസിനെതിരെ പാർലമെന്റിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരു കോൺഗ്രസുകാർക്കും ആർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേര് പറയാൻ പോലും കോൺഗ്രസ് താൽപര്യപ്പെടുന്നില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ഭാരത രത്നം നൽകി ആദരിച്ചത് ബി.ജെ.പി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.

ചരിത്ര നോതാക്കളെ മറന്ന പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്രസമര കാലഘട്ടത്തിൽ കോൺഗ്രസിനുണ്ടായിരുന്ന അതേ ഉത്സാഹമാണ് ഇപ്പോഴും വേണ്ടത്. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കിയ കോൺഗ്രസിന് ആ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല. ഇപ്പോഴുള്ള പ്രതിപക്ഷത്തിന് ചവിട്ടി നിൽക്കാനുള്ള മണ്ണുമായുള്ള ബന്ധം നഷ്ടമായെന്നും പ്രധാനമന്ത്രി കുറ്റുപ്പെടുത്തി.

മുത്തലാഖ് ബില്ലിനെ കോൺഗ്രസ് പിന്തുണയ്ക്കണം. മുത്തലാഖ് നിരോധനത്തെ വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ഭരണത്തിൽ അസ്വസ്ഥനായതിനെ തുടർന്നാണ് 2014ൽ ജനങ്ങൾ ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും മോദി കൂട്ടിച്ചേർത്തു.