കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട്സ് കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് സഹോദരൻ പരിജിത്ത് മനോഹരൻ. അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും ഉയരുന്ന ആരോപണങ്ങൾ തെറ്റാണെന്നും തന്റെ കുടുംബത്തിന്ന് താങ്ങായി നിന്ന പ്രസ്ഥാനത്തെ തകർത്തു നാട്ടിൽ ബാക്കി ഉള്ള നന്മയെ ഇല്ലായ്മ ചെയ്യാൻ ആരും കൂട്ടുനിൽക്കരുതെന്നും പരിജിത്ത് ഫേസ്ബുക്കിൽ കുറിക്കുന്നു.
അന്വേഷസംഘം പ്രതികളെ മനഃപൂർവം പിടിക്കാത്തതാണെന്ന് ഞങ്ങൾ കരുതുന്നില്ലെന്നും അവരെയും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസമെന്നും പരിജിത്ത് പറയുന്നു. ഇപ്പോൾ വിവാദം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം അഭിമന്യുവിന്റെ നീതി അല്ല മറിച്ച് പ്രസ്ഥാനത്തിന്റെ നാശമാണെന്നും പരിജിത്ത് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സഖാക്കളേ,
എന്റെ സഹോദരൻ അഭിമന്യുവിനെ വർഗീയ ശക്തികൾ ഇല്ലായ്മ ചെയ്തിട്ട് ഒരാണ്ട് തികയുന്നു .. അവനെ ഇല്ലാതാക്കിയ ശക്തികൾക്ക് എതിരെ നമ്മുടെ പാർട്ടിയും സർക്കാരും നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോൾ .. അവൻ ഏറ്റവും സ്നേഹിച്ച വിശ്വസിച്ച പ്രസ്ഥാനത്തെ ചിലർ മനഃപൂർവം താറടിച്ചുകാണിക്കാൻ ശ്രമിക്കുകയാണ് .. പാർട്ടി എന്നും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട് .. അവന് പകരമാവില്ല ഒന്നുമെങ്കിലും കയറി കിടക്കാൻ നല്ലരു വീടുണ്ട് ഞങ്ങൾക്കിന്ന് .. അവന്റെ ആഗ്രഹം പോലെ വട്ടവടയിൽ ഇന്ന് നല്ലരു ലൈബ്രറി ഉണ്ട് .. പാർട്ടി ആണ് അതൊക്കെ സാധിച്ചു തന്നത് .. ഒപ്പം അവന്റെ സ്വപ്നം ആയിരുന്ന ഞങ്ങളുടെ സഹോദരിയുടെ വിവാഹം പാർട്ടി ഗംഭീരമായി നടത്തി.. പ്രതികളെ ഭൂരിഭാഗം പേരെയും പിടിച്ചു ജാമ്യം ഇല്ലാത്ത വകുപ്പ് ചാർത്തി കോടതിയിൽ ഹാജരാക്കി , കോടതി അവരുടെ ജാമ്യം നിഷേധിച്ചതും നമുക്കെല്ലാം അറിയാം ..
പഴുതടച്ചാണ് അന്വേഷണം നടക്കുന്നത് .. ഇനിയും കിട്ടാനുള്ള പ്രതികളെ മനഃപൂർവം
അന്വേഷസംഘം പിടിക്കാത്തത് എന്ന് ഞങ്ങൾ കരുതുന്നില്ല. അവരെയും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് ഞങ്ങളുടെഉത്തമ വിശ്വാസം.
ഇപ്പോൾ വിവാദം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം അഭിമന്യുവിന്റെ നീതി അല്ല അവന്റെ കുടുബത്തിന്റെ താങ്ങും തണലുമായി പ്രസ്ഥാനത്തിന്റെ നാശം ആണ്.പ്രസ്ഥാനത്തെ തകർത്തു നാട്ടിൽ ബാക്കി ഉള്ള നന്മയെ ഇല്ലായ്മ ചെയ്യാൻ അഭിമന്യുവിനെ സ്നേഹിക്കുന്ന ആരും കൂട്ട് നിൽക്കരുത്.ഞങ്ങളുടെ കുടുംബം എല്ലാക്കാലവും ഈ പ്രസ്ഥാനത്തിൽ വിശ്വസിച്ചിട്ടുണ്ട്. ആ പ്രസ്ഥാനവും നേതാക്കളും ഞങ്ങളെ കൈവിടില്ല എന്ന ഉത്തമ ബോധ്യവും ഞങ്ങൾക്കുണ്ട്. മറിച്ചുള്ള എല്ലാ അപവാദങ്ങളും ഞങ്ങൾ തള്ളികളയുന്നു.
എന്ന് അഭിമന്യുവിന്റെ സഹോദരൻ
പരിജിത്ത് മനോഹരൻ