മുക്കം: ആധുനിക സൗകര്യങ്ങളുള്ള ഒമ്പത് ക്ളാസ്സ്മുറികൾ.ഓഫീസ്, ലൈബ്രറി, ലാബ് .ചെലവ് രണ്ടരക്കോടി.നിർമ്മാണം പൂർത്തിയായിട്ട് 40 മാസം. പറഞ്ഞിട്ടെന്ത് ഫലം?.കോളേജ് പ്രവർത്തിക്കുന്നത് ഇപ്പോഴും ഒരു പീടികക്കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ വാടക മുറികളിൽ. അതും, പ്രതിവർഷം മൂന്നു ലക്ഷം രൂപ വാടകയ്ക്ക്. സംശയിക്കേണ്ട.വില്ലൻ ഇവിടെയും ഗ്രാമപഞ്ചായത്ത് തന്നെ. ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവമ്പാടിയിലെ കോളേജ് ഒഫ് അപ്ലൈഡ് സയൻസിനാണ് എല്ലാ സൗകര്യങ്ങളുമുള്ള സ്വന്തം കെട്ടിടമുണ്ടായിട്ടും ഏഴ് കിലോമീറ്റർ അകലെ ഏറെ അസൗകര്യങ്ങളുള്ള വാടകക്കെട്ടിടത്തിൽ കഴിയേണ്ട ദുർഗ്ഗതി.കോളേജിന് വേണ്ടി കാരശേരി ഗ്രാമപഞ്ചായത്തിലെ തോട്ടക്കാട്ട് നിർമ്മിച്ച പുതിയ കെട്ടിടത്തിന് അനുമതി നൽകേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്. നിർമ്മാണം പൂർത്തിയായി 40 മാസം പിന്നിട്ടു. പഞ്ചായത്തിന്റെ അനുമതി കിട്ടാത്തതിനാൽ കോളേജിന്റെ പ്രവർത്തനം ഇങ്ങോട്ടു മാറ്റാനാവുന്നില്ല.
പ്രശ്നം ഇതാണ്. കെട്ടിടത്തിന്റെ പ്ലാൻ കാരശേരി പഞ്ചായത്ത് അംഗീകരിക്കുകയോ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുകയോ ചെയ്തിട്ടില്ല. കെട്ടിട നിർമാണ ചട്ടങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് നിർമ്മാണമെന്നും പഞ്ചായത്ത് അധികൃതർ കണ്ടെത്തി. പഞ്ചായത്ത് അംഗീകരിക്കാത്ത പ്ലാൻ വച്ചാണത്രെ പൊതുമരാമത്ത് വകുപ്പ് കെട്ടിടം പണിതത് ?.എങ്കിൽ ,നിർമ്മാണം എന്തുകൊണ്ട് പഞ്ചായത്ത് തടഞ്ഞില്ലെന്നതിന് ഉത്തരമില്ല. എന്തായാലും, പ്രശ്നം പരിഹരിക്കാതെ കെട്ടിടത്തിന് നമ്പർ നൽകാൻ കഴിയില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട് .വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാവാൻ കെട്ടിടത്തിന് നമ്പർ വേണം.
2008ൽ കോളേജ് ആരംഭിച്ച കാലം മുതൽ പ്രവർത്തിക്കുന്നത് എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കാരശേരി പഞ്ചായത്തോഫീസിനടുത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് .ബി.എസ്. സി ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ സയൻസ് പോലുള്ള വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. . . പക്ഷേ, പ്രശ്ന പരിഹാരത്തിന് മുകളിൽ നിന്നും ഇടപെടൽ ഉണ്ടാവുന്നില്ല.