ഔലി: ആഢംബര വിവാഹം അവശേഷിപ്പിച്ച മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനുള്ള ചെലവ് വിവാഹം നടത്തിയവരിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ച് നഗരസഭ. ഹിമാലയൻ വിനോദ സഞ്ചാര മേഖലയായ ഔലിയിലാണ് കൂറ്റൻ വിവാഹോഘഷങ്ങൾ നടന്നത്. ഇതിന് ചെലവായത് 200 കോടി രൂപയായിരുന്നു. ജൂലായ് ഏഴിനകം ഔലിയിൽ നിക്ഷേപിച്ച മാലിന്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നൈനിറ്റാൾ ഹൈക്കോടതിയാണ് നിർദ്ദേശിച്ചത്.
ജൂൺ 18 മുതൽ 22 വരെ അജയ് ഗുപ്തയുടെ മകൻ സൂര്യകാന്തിന്റെ വിവാഹാഘോഷവും 20 മുതൽ 22 വരെ അതുൽ ഗുപ്തയുടെ മകൻ ശശാങ്കിന്റെ വിവാഹാഘോഷവുമാണ് ഔലിയിൽവച്ച് നടന്നത്. ഈ കൂറ്റൻ വിവാഹാഘോഷം പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് സാമൂഹ്യപ്രവർത്തകർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു.
വിവാഹം ബാക്കിയാക്കിയ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ചെലവിനായി ഇതിനോടകം തന്നെ 54000 രൂപ അജയ് ഗുപ്തയിൽ നിന്നും അതുല്‍ ഗുപ്തയിൽ നിന്നും ഈടാക്കി. എന്നാൽ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള തുകയും ഇവരിൽ നിന്ന് തന്നെ ഈടാക്കണമെന്നാണ് നഗരസഭയുടെ തീരുമാനം.
ഇതുവരെ 150 ക്വിന്റൽ മാലിന്യങ്ങളാണ് നഗരസഭ ഇവിടെനിന്നും നീക്കം ചെയ്തത്. നഗരസഭയുടെ നിർദേശപ്രകാരം മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ മുഴുവൻ തുകയും നൽകാമെന്ന് ഗുപ്ത കുടുംബം അറിയിച്ചിട്ടുണ്ട്.