അലിഗഡ്: ഉത്തർപ്രദേശിലെ ഒരു വഴിയോരക്കടയിലെ പലഹാരക്കച്ചവടക്കാരന്റെ വാർഷിക വരുമാനം കണ്ട് അന്ധാളിച്ചിരിക്കുകയാണ് ആദായനികുതിവകുപ്പ്. അന്ധാളിക്കുക മാത്രമല്ല, ഇതുവരെ ഒരു നികുതിയും നൽകാത്തതിന് കച്ചവടക്കാരന് നോട്ടീസും നൽകിയിട്ടുണ്ട്. 60 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ്, അലിഗഡിലെ സീമാ സിനിമാ തിയേറ്ററിന് സമീപം, മുകേഷ് എന്നയാൾ തന്റെ 'മുകേഷ് കച്ചോരി"യെന്ന കൊച്ചുകടയിലൂടെ വർഷാവർഷം സമ്പാദിക്കുന്നത്.
ഉത്തരേന്ത്യൻ വിഭവമായ കച്ചോരിയും സമൂസയുമാണ് മുകേഷ് കച്ചോരിയിലെ പ്രധാന വിഭവങ്ങൾ. ദിവസം മുഴുവൻ തുറന്നിരിക്കുന്ന കടയിൽ വരിനിന്നാണ് ആളുകൾ പലഹാരം വാങ്ങുന്നത്. മുകേഷിന്റെ 'സമ്പാദ്യ"ത്തെക്കുറിച്ച് ആരോ വിവരമറിയിച്ചതനുസരിച്ചാണ് ആദായനികുതിവകുപ്പ് അന്വേഷണം നടത്തുന്നത്. മുകേഷിന്റെ കടയ്ക്ക് സമീപം മറ്റൊരു കടയിൽ സ്ഥിരമായി വന്നിരുന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ കടയിലെ വരുമാനം പരിശോധിച്ചത്. ജി.എസ്.ടി നിയമമനുസരിച്ച് കട രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇതുവരെ യാതൊരു നികുതിയും അടച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുകേഷിന് നോട്ടീസ് നൽകിയത്.
എന്നാൽ, താൻ കഴിഞ്ഞ 12 വർഷമായി ഇവിടെ കട നടത്തുകയാണെന്നും നികുതിയടയ്ക്കുന്നതിനെക്കുറിച്ചൊന്നും ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നുമാണ് മുകേഷിന്റെ പ്രതികരണം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുംപോലെ തനിക്ക് അത്രയും വരുമാനമില്ലെന്നും മുകേഷ് പറഞ്ഞു.
40 ലക്ഷമോ അതിൽക്കൂടുതലോ വിറ്റുവരവുള്ള സ്ഥാപനം നിർബന്ധമായും ജി.എസ്.ടി പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് നിയമം.