nalini-

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ കഴിഞ്ഞ 27 വർഷമായി ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി ശ്രീഹരന് നേരിട്ട് കോടതിയിൽ ഹാജരാകാനും വാദിക്കാനും മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ എം.എം സുന്ദരേശ്, എം നിർമൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നളിനിയുടെ ആവശ്യം അംഗീകരിച്ചത്. നളിനിയുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ജൂലായ അഞ്ചിനാണ് നളിനി ഹാജരാകേണ്ടത്. വെല്ലൂർ വനിതാ ജയിലിലെ സൂപ്രണ്ടിനോട് തന്നെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നാണ് നളിനിയുടെ ഹർജിയിലെ ആവശ്യം. ഒപ്പം കോടതിയിൽ സ്വയം വാദിച്ചോളാം എന്നും ബോധിപ്പിച്ചിരുന്നു.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ആറ് മാസം ജയിൽ മോചനം വേണമെന്ന് നളിനി നേരത്തെ കോടതിയിലും ജയിൽ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഫലമുണ്ടായില്ല. നളിനിയുടെ അമ്മയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.