ലണ്ടൻ: ''യു.കെ - ഇന്ത്യ റിലേഷൻസി"ന്റെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ആദ്യ നൂറിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും. ഇന്ത്യയിലെ ഏറ്റവും ശക്തയായ സ്ത്രീ എന്നതും ഉഭയകക്ഷി ബന്ധങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നതുമാണ് പട്ടികയിൽ നിർമ്മലയ്ക്ക് ഇടം നൽകിയത്. ലണ്ടനിലെ ഹൗസ് ഒഫ് പാർലമെന്റിൽ ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് പട്ടിക പുറത്ത് വിട്ടത്. നിർമ്മലയെ കൂടാകെ, ബ്രിട്ടന്റെ പ്രതിരോധ സ്റ്റേറ്റ് സെക്രട്ടറി പെന്നി മൊർഡോണ്ട്, യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ രുചി ഘനശ്യാം എന്നിവരുടെ പേരും പട്ടികയിലുണ്ട്. രാഷ്ട്രീയം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം (സുസ്ഥിരത) എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടൻ പാർലമെന്റിലെ ഇന്ത്യൻ വംശജരായ പ്രീതി പട്ടേൽ, ബരോനസ് സാൻഡി വർമ്മ എന്നിവരും സംവിധായിക ഗുരീന്ദർ ഛദ്ദ തുടങ്ങിയവരും പട്ടികയിലുണ്ട്.