കാര്യമായ മുന്നറിവുകൾ ഒന്നുമില്ലാതെ ഏത് മൃഗത്തെ പരിപാലിക്കാൻ കഴിയും? ഈ ചോദ്യത്തിന് ഏറ്റവും അനുയോജ്യമായ ഉത്തരത്തിൽ ഒന്നാണ്, ആട്. ഏത് സാഹചര്യങ്ങൾക്കിടയിലും പരിമിതികൾക്കുള്ളിൽ സന്തുഷ്ടിയോടെ ജീവിക്കാനും ആടുകൾക്ക് കഴിയും. സുസ്ഥിര ലാഭം ലക്ഷ്യമിടുന്ന ഏതൊരു കർഷകനും ഏറ്റവും യോജിച്ച ഒരു വരുമാന മാർഗമാണ് അടുവളർത്തൽ. മികച്ച ആസൂത്രണവും വിപണന തന്ത്രങ്ങളും കൃത്യമായി പാലിച്ചാൽ വർഷം മൂന്നും നാലും ലക്ഷം വരുമാനം നേടിത്തരാൻ ആടുകൾക്ക് കഴിയും.
കുറഞ്ഞ മുതൽമുടക്ക്, പരിപാലനം, അനായാസം, വിപണി സുനിശ്ചിതം, ഇറച്ചിക്കായുള്ള വളർത്തൽ, കുഞ്ഞുങ്ങളെ വിൽപ്പന, ഇണചേർക്കാനുള്ള മുട്ടനാടുകളുടെ വളർത്തൽ, എന്നിവയാണ് ഈ സംരംഭത്തിലെ ഏറ്റവും പ്രധാന വരുമാനം. കുറഞ്ഞ അളവിലെ ലഭ്യമാകുവെങ്കിലും അട്ടിൻ പാലിന് ഇന്ന് ഏകദേശം ലിറ്ററിന് 80 രൂപ വരെ വരുമാനം ലഭിച്ചേക്കും. ഇതുകൂടാതെ ആട്ടിൻ കാഷ്ഠത്തിനും ആവശ്യക്കാർ ഏറെയാണ്.
പട്ടിയെയും പൂച്ചയെയുംപോലെ ആടിനെ അരുമ മൃഗമായി ഓമനിച്ചു വളർത്തുന്ന പതിവ് കേരളത്തിലെ വീടുകളിൽ പ്രചാരത്തിലായിട്ടില്ലെങ്കിലും ആ വഴിക്കും ചില മാറ്റങ്ങൾ കാണുന്നുണ്ട്, കനേഡിയൻ ഡ്വാർഫ് ഉൾപ്പെടെ പിഗ്മി (കുള്ളൻ) ആടിനങ്ങൾ പലതും ഇന്നു നമ്മുടെ ഫാമുകളിലും റിസോർട്ടുകളിലുമൊക്കെ കൗതുകക്കാഴ്ചയാകുന്നുമുണ്ട്. അത്തരം സാദ്ധ്യതകൾ നമ്മുടെ സംരഭകരിൽ ചിലരെങ്കിലും പ്രയോജനപ്പെടുത്തുന്ന പ്രശംസനീയമാണ്.
നിലവിൽ മലബാറിയാണ് കേരളത്തിൽ ഏറെ ജനപ്രീതി നേടിയ ജനുസ്സ്. കേരളത്തിന്റെ തനത് ഇനം എന്നു പറയുമെങ്കിലും നൂറ്റാണ്ടുകൾക്കുമുമ്പ് അറേബ്യൻ കച്ചവടക്കാർ കേരളത്തിലെത്തിച്ച ആടുകളുടെ സങ്കരമാണിത്. ഉത്തർപ്രദേശിലെ യമുനാതീരത്തു പിറവികൊണ്ടു എന്നു കരുതുന്ന ജംനാപ്യാരിയും ആടുകളിലെ കുതിര എന്നു കേൾവികേട്ട പഞ്ചാബി ഇനം ബീറ്റലും രാജസ്ഥാനിൽ നിന്നുള്ള കരുത്തൻ സിരോഹിയും തുടങ്ങി പർബത്സാരി, ഒസ്മാനാബാദി, ബാർബാറി എന്നിങ്ങനെ കേരളത്തിൽ വൻ പ്രചാരം നേടിയ വടക്ക് ഇന്ത്യൻ ജനുസ്സുകളും ഏറെ. ആഫ്രിക്കൻ ആദിവാസികളുടെ ഇറച്ചി ആട് എന്നു വിശഷിപ്പിക്കുന്ന ഓടലിയൻ ബോയറും ശരാശരി മൂന്നര ലീറ്റർ കറവയുള്ള, സ്വിറ്റ്‌സർലൻഡിലെ പാലിനം സാനനും കേരളത്തിൽ പരിപാലിക്കപ്പെടുന്നുണ്ട്.