red-bus

റെഡ് ബസ് എന്ന് ആപ്പിന് പിന്നിൽ ടിക്കറ്റ് കിട്ടാതെ നാട്ടിൽ പോകാൻ പറ്റാത്ത ഒരു യുവാവിന്റെ പ്രതികാര കഥയുണ്ടെന്നറിയാമോ?. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സംഭവം. ദീപാവലി അവധിക്കു നാട്ടിൽ പോകാൻ ബസ് ടിക്കറ്റ് കിട്ടാതെ വലഞ്ഞ പണീന്ദ്ര സമ എന്ന ചെറുപ്പക്കാരൻ തിരിച്ച് പോയത് മനസിൽ എന്തൊക്കെയോ കണക്കുകൂട്ടിയാണ്. അത് കോടാനുകോടി വിറ്റുവരവുള്ള ഒരു സംരംഭത്തിലാണ് അവസാനിച്ചത്.

പണീന്ദ്ര ബെംഗളൂരിലെ ടെക്സാസ് ഇൻഡസ്ട്രീസിലാൽ ജോലി ചെയ്തിരുന്ന പണീന്ദ്ര സമ 2005ൽ ദീപവലി ആഘോഷത്തിന് നാട്ടിലേക്ക് പോകാൻ ബസ് ടിക്കറ്റ് തരപ്പെടുത്താൻ നല്ലോണം കഷ്ടപ്പെട്ടു. പത്തോളം ട്രാവൽ ഏജൻസികളെ സമീപിച്ചെങ്കിലും ടിക്കറ്റ് കിട്ടിയിരുന്നില്ല. ആ യാത്ര മുടക്കത്തിൽ നിന്ന് ബസ് ടിക്കറ്റ് ബുക്കിങ്ങിലുള്ള ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ ആ പയ്യൻ തീരുമാനിച്ചു. ട്രാവൽ ഏജൻസികളിൽ പോകാതെ ബസിലുള്ള സീറ്റുകളിൽ ബുക്ക് ചെയ്യാനും ഏതൊക്കെ ബസുകളിൽ സീറ്റുകൾ ലഭ്യമുണ്ടെന്ന് അറിയാനും ഒരു പോർട്ടൽ നിർമ്മിക്കാനായിരുന്നു ആ ചെറുപ്പക്കാരന്റെ ശ്രമം.

പുതിയ ശ്രമത്തിന് കൂട്ടായി സഹപാഠികളായിരുന്ന ചരൺ പദ്മരാജുവിനെയും സുധാകറിനെയും കൂട്ടി. അഞ്ചു ലക്ഷം രൂപ ചെലവിൽ പോർട്ടൽ നിർമിച്ചെങ്കിലും ബസുടമകളും ട്രാവൽ ഏജന്റുമാരും ഇതിനോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല. വെബ്സെെറ്റിനെ കുറിച്ച് പരിചയമില്ലാത്തത് കൊണ്ടാണ് അവർ സഹകരിക്കാൻ കൂട്ടാക്കാതിരുന്നത്. എന്നാൽ തന്റെ ഉദ്യമത്തിൽ നിന്നും പിൻവാങ്ങാൻ പണീന്ദ്ര തയ്യാറായിരുന്നില്ല. പുതിയ തന്ത്രവുമായാണ് അവർ മുന്നിറങ്ങിയത്. സീറ്റ് ആവശ്യമുള്ളവർ ഫോണിലൂടെ വിളിച്ചറിയിച്ചാൽ ബസ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് സീറ്റൊരുക്കുന്ന സംവിധാനം കൊണ്ടുവന്നു. പിന്നീട് എസ്.എം.എസ് സംവിധാനത്തിലൂടെ ടിക്കറ്റെടുക്കുന്ന സംവിധാനവും കൊണ്ടുവന്നു.ബംഗളൂരിലെ ഐ.ടി സ്ഥാപനങ്ങളിൽ നിന്ന് നിരവധി യാത്രക്കാരെ ഇവർ സംഘടിച്ചു.

ഇതോടെ പണീന്ദ്രയുടെയും കൂട്ടാളികളുടെയും ബസ് ടിക്കറ്റ് വിൽപ്പനയിൽ വൻ വർദ്ധനവ് ഉണ്ടായി. ബസ് ഓപ്പറേറ്റർമാരും ട്രാവൽ ഏജൻസികളും പണീന്ദ്രയുടെ പുതിയ ആശയത്തെ സ്വീകരിച്ചു. പണീന്ദ്ര തന്റെ ഉദ്യമം തുടർന്നുകൊണ്ടിരുന്നു. 2007ൽ രാജ്യത്തെ പ്രമുഖ പ്രമുഖ ട്രാവൽ കമ്പനികളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് റെഡ് ബസ് എന്ന ഓൺലൈൻ ബുക്കിങ് സംവിധാനം കൊണ്ട് മികച്ച രീതിയിൽ തുടക്കം കുറിച്ചു.

ആദ്യ വർഷം 50 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് ഒാൺലെെനിലൂടെ വിറ്റത്. 2013ആയതോടെ ടിക്കറ്റ് വിൽപന 600 കോടിയിലെത്തി. ക്രമേണ വരുമാനം വർദ്ധിക്കാൻ തുടങ്ങി. 25 വയസുകാരനായ പണീന്ദ്ര സമ എന്ന ചെറുപ്പക്കാരൻ തന്റെ കഴിവിലൂടെ 5 ലക്ഷം രൂപയ്ക്ക് തുടങ്ങിയ കമ്പനി മുപ്പത്തിരണ്ടാമത്തെ വയസിൽ വിറ്റപ്പോൾ ലഭിച്ചത് എണ്ണൂറ് കോടിയോളം രൂപയാണ്. സൗത്ത് ആഫ്രിക്കയിലെ മാധ്യമ ഭീമൻ നാസ്‌പേഴ്സിന്റെ ഇന്ത്യൻ ഘടകമായ ഐ.ബി ബോയാണ് റെഡ് ബസ് ഏറ്റെടുത്തത്. പണീന്ദ്ര സമയുടെ പ്രതികാര കഥ അവസാനിക്കുന്ന് ഇങ്ങനെയാണ്.