ganja

തിരുവനന്തപുരം: അധികൃതരുടെ കണ്ണുവെട്ടിച്ച് കാണാവഴികളിലൂടെ കഞ്ചാവും മയക്കുമരുന്നുമൊക്കെ സംസ്ഥാനത്തേക്ക് ഒഴുകുകയാണ്. എൻഫോഴ്സ്മെന്റ് ശക്തമാക്കിയതിലൂടെ ചിലതൊക്കെ പിടിക്കുന്നുമുണ്ട്. ആ കണക്കിൽ മയക്കുമരുന്ന് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, പിടിക്കുന്നവയുടെ എത്രയോ ഇരട്ടിയാണ് കടത്തുന്നത്. മുമ്പെങ്ങുമില്ലാത്തവിധം ലഹരി ഉപയോഗം സംസ്ഥാനത്ത് വർദ്ധിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എക്‌സൈസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽവരെ മാത്രം 1126.332 കിലോ കഞ്ചാവാണ് സംസ്ഥാനത്ത് പിടികൂടിയത്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ കണക്കുകളിൽ എൻ.ഡി.പി.എസ് (നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോഫിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരം രജിസ്റ്രർ ചെയ്ത കേസുകളിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. 2016ൽ രജിസ്റ്റർ ചെയ്തത് 2985 കേസുകളാണെങ്കിൽ ഈ വർഷം നാലുമാസത്തെ കണക്കിൽ രജിസ്റ്രർ ചെയ്തത് 2639 കേസുകളാണ്. 2016ൽ 3201 പേരെ അറസ്റ്റു ചെയ്‌തെങ്കിൽ ഈ വർഷം ഇതുവരെ 2791പേർ വിവിധ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. പൊലീസിന്റെ കണക്കുകളിൽ ഈ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 3645 എൻ.ഡി.പി.എസ് കേസുകളാണ്.

2016ൽ 1011.858 കിലോ കഞ്ചാവാണ് പിടികൂടിയത്. 2017ൽ പിടികൂടിയത് 1332.322 കിലോ. 2018ൽ വീണ്ടും വർദ്ധനവ്.​ 1884.231 കിലോ പിടികൂടി. ഈ വർഷം ഏപ്രിൽ വരെ പിടികൂടിയത് 1126.332 കിലോ കഞ്ചാവ്.

2019ൽ (ഏപ്രിൽ വരെ) 44,543 റെയ്ഡുകൾ നടത്തി. ആംപ്യൂളുകളുടെ ഉപയോഗത്തിൽ കുറവുവന്നെങ്കിലും മയക്കുമരുന്ന് ഗുളികകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം എക്സൈസും അടിവരയിടുന്നു.

കേസുകൾ (രജിസ്റ്റർ ചെയ്തത്, അറസ്റ്റ് ക്രമത്തിൽ)

2016 - 2985, 3201

2017 - 5944, 6266

2018 - 7573, 7800