കുട്ടികളിലെ ദന്ത ശുചിത്വം പല്ല് മുളയ്ക്കും മുൻപേ തുടങ്ങുന്നതാണ് ആരോഗ്യകരം. നനച്ചെടുത്ത വൃത്തിയുള്ള തുണികൊണ്ട് ദിവസവും കുഞ്ഞിന്റെ മോണ ശുചിയാക്കാം. പാല് കുടിച്ച ശേഷം അല്പം തിളപ്പിച്ചാറ്റിയ വെള്ളം നൽകുന്നത് പാലിന്റെ അംശം വായിൽ നിന്ന് നീക്കാൻ സഹായിക്കും. കുപ്പിപ്പാൽ കുടിക്കുന്ന കുട്ടികൾക്കും പാലിന് ശേഷം നിർബന്ധമായും വെള്ളം നൽകണം. പല്ല് വന്ന് തുടങ്ങുമ്പോൾ തന്നെ വളരെ മൃദുവായ ബേബി ബ്രഷ് ഉപയോഗിച്ച് കുഞ്ഞിന് വേദനിക്കാതെ ബ്രഷ് ചെയ്ത് കൊടുക്കാം. ദിവസം രണ്ട് നേരം ബ്രഷ് ചെയ്യുക. രാത്രി പാല് കുടിച്ച ശേഷം നിർബന്ധമായും ബ്രഷ് ചെയ്യണം. രണ്ട് വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പേസ്റ്റ് ഉപയോഗിക്കരുത്. രണ്ട് വയസിന് മുകളിലുള്ള കുട്ടിക്ക് ഒരു നുള്ള് ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഇത് നിർബന്ധമായും തുപ്പിക്കളയുന്നു എന്നും ഉറപ്പാക്കണം. 8 വയസു വരെ കുട്ടികൾ ബ്രഷ് ചെയ്യുമ്പോൾ മുതിർന്നവർ ശ്രദ്ധിക്കണം.