cpm-against-kodi-suni

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യ പ്രതി കൊടി സുനിയെയും കേസിലുൾപ്പെട്ട മറ്റ് പ്രതികളുടെയും സ്വർണക്കടത്ത് ക്വട്ടേഷനുകൾക്കെതിരെ കർശന ഇടപെടലുമായി സി.പി.എം. സുനിയുടെയും സംഘത്തിന്റെയും ‘സ്വന്തം നിലയിലുള്ള ദൗത്യങ്ങൾ’ പാർട്ടിക്കും സർക്കാരിനും വിനയായിത്തീരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പാർട്ടി നേരിട്ടിറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെട്ടാണ് നടപടി കർശനമാക്കിയതെന്നാണ് സൂചന. ജയിലുകളുടെ ഭരണച്ചുമതല ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് താനറിയാതെ ആർക്കും പരോൾ കൊടുത്തുപോകരുതെന്ന് ഋഷിരാജ് സിംഗ് കർശനനിർദേശം നൽകിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരിൽ സുനിയെപ്പോലുള്ളവർക്ക് പരോൾ കൊടുക്കുന്നതും തൽകാലം തടഞ്ഞു. കഴിഞ്ഞ ജനുവരിയിൽ കൂത്തുപറമ്പിൽ കൈതേരിയിലെ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയത് സുനിയുടെ നേതൃത്വത്തിൽ നടന്ന സ്വർണക്കടത്ത് ക്വട്ടേഷനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്വർണ കള്ളക്കടത്തിനെക്കുറിച്ച് ഖത്തർ പൊലീസിന് വിവരം നൽകിയതിന് കൊടുവള്ളി നഗരസഭാ കൗൺസിലറെ കൊടിസുനി ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നു. തന്റെ കുടുംബത്തെയും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യൻ എംബസിക്ക് ഇതുസംബന്ധിച്ച പരാതി നൽകുമെന്നും ഖത്തറിലുള്ള കോഴിശേരി മജീദ് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.

ഇതിനുപുറമേ, മറ്റു കേസുകളിൽ ജയിലിലാകുന്ന പാർട്ടിപ്രവർത്തകരെയും ഇത്തരം ദൗത്യങ്ങളിൽ ഇവർ ഉൾപ്പെടുത്തുന്നതായി സി.പി.എമ്മിന് വിവരം കിട്ടിയിരുന്നു. ഇതോടെയാണ് സുനിക്കും സംഘത്തിനും തടവറപ്പൂട്ടിടാൻ പാർട്ടി തീരുമാനിച്ചത്. സുനിയുെടയും സംഘത്തിന്റെയും ‘ഓപ്പറേഷനുകളെ’ക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് അറിവുള്ളതായാണ് വിവരം. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിൽ ഇവർക്കു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു.

കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആയുധങ്ങളും മൊബൈൽഫോണുകളും ലഹരിവസ്തുക്കളും കണ്ടെടുത്തിരുന്നു. വിയ്യൂർ ജയിലിൽ കഴിയുന്ന ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവരിൽ നിന്ന് മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെടുത്തു. ജയിലിലെ എ, ബി, ഡി, ഇ-2 എന്നീ ബ്ലോക്കുകളിൽ നാലു മൊബൈൽ ഫോൺ, 13 കഞ്ചാവ് പൊതികൾ, കത്തി, അരം, കത്രിക, ബീഡി, തീപ്പെട്ടി എന്നിവയും കണ്ടെത്തിയിരുന്നു.

കൊടി സുനി, ഷാഫി എന്നിവരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദേശത്തോടെ ഇരുവരെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. സുനിയെയും സംഘത്തെയും നിയന്ത്രിച്ചില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന തിരിച്ചറിവിനെത്തുടർന്നാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടതെന്നാണ് സൂചന.