ഇസ്ലാമാബാദ്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ചാനൽ ചർച്ചയ്ക്കിടെ പാകിസ്ഥാൻ നേതാവ് മാദ്ധ്യമപ്രവർത്തകനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. ഭരണപക്ഷമായ തെഹ്രീക് ഇൻസാഫ് നേതാവായ മസ്റൂർ അലി സിയാനാണ് ചാനൽ ചർച്ചയ്ക്കിടെ മാദ്ധ്യമപ്രവർത്തകനായ ഇംതിയാസ് ഖാൻ ഫറാനെ മർദിച്ചത്. തിങ്കളാഴ്ച രാത്രി ലൈവ് ടിവി ഷോയ്ക്കിടെയാണ് സംഭവമെന്ന് ജേർണലിസം പാകിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോയിൽ രണ്ടുപേരും തർക്കിക്കുന്നത് കാണാം. തുടർന്ന് മസ്റൂർ അലി കറാച്ചി പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയായ ഇംതിയാസ് ഖാനെ നിലത്തേക്ക് തള്ളിയിടുകയും അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഷോയിൽ പങ്കെടുത്ത മറ്റംഗങ്ങളും ക്രൂ മെമ്പേഴ്സും ഇവരെ പിടിച്ചുമാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ്. രസകരമായ മറ്റൊരു കാര്യം കയ്യാങ്കളിക്ക് ശേഷം സിയാൽ വീണ്ടും പാനൽ സീറ്റിലേക്ക് ഇരുന്നു. മിനിറ്റുകൾക്ക് ശേഷം വീണ്ടും ചർച്ച തുടരുകയും ചെയ്യുന്നുണ്ട്.