പാഞ്ചാലി താമസിച്ചിരുന്ന മുറിക്കുള്ളിലേക്ക് ഒന്നു കയറി നോക്കണമെന്നുണ്ടായിരുന്നു പ്രജീഷിന്.
എന്നാൽ മനസ്സ് വിലക്കുന്നതുപോലെ... അപകടമാകും എന്നൊരു ഉൾവിളി.
''പ്രജീഷ്... ഇവിടെ നിൽക്കണ്ടാ. പോകാം...." ചന്ദ്രകല അയാളുടെ കൈയ്ക്കു പിടിച്ചു വലിച്ചു. ''അവളുടെ പ്രേതം ഈ മുറിക്കുള്ളിൽത്തന്നെ ഉണ്ടാവും...."
അടഞ്ഞുകിടക്കുന്ന മുറിയുടെ വാതിലിനു നേരെ ഒന്നുകൂടി നോക്കിയിട്ട് ചന്ദ്രകലയ്ക്കൊപ്പം പ്രജീഷ് തിരിഞ്ഞു നടന്നു.
തങ്ങളുടെ കിടപ്പറയ്ക്കുള്ളിൽ കയറിയതും ചന്ദ്രകല വാതിലടച്ചു.
അടുക്കളയിൽ അത്താഴം തയ്യാറാക്കി വച്ചിട്ടുണ്ട്. എന്നാൽ അത് കഴിക്കുവാൻ പുറത്തിറങ്ങാൻ പോലും ചന്ദ്രകല ഭയന്നു.
അതിനാൽ തന്നെ പ്രജീഷും ഒന്നും കഴിച്ചില്ല.
''പ്രജീഷ്..." അയാൾക്കൊപ്പം കട്ടിലിൽ കിടക്കുമ്പോൾ ചന്ദ്രകല വിളിച്ചു.
''ഉം?" അയാൾ ചിന്തയോടെ മൂളി.
''നമുക്ക് ഈ വിവരം പോലീസിൽ അറിയിക്കുകയോ അതല്ലങ്കിൽ ഏതെങ്കിലും നല്ല മാന്ത്രികനെ വിളിച്ച് ഒരു പരിഹാരക്രിയ നടത്തുകയോ ചെയ്താലോ?"
''അതൊന്നും വേണ്ടാ."
പ്രജീഷ് പെട്ടെന്നു പറഞ്ഞു.
''അതെന്താ?" ചന്ദ്രകലയ്ക്കു മനസ്സിലായില്ല.
''രണ്ടും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് ബുദ്ധിമുട്ടാകും. മാന്ത്രികനെ വിളിച്ചാൽ അയാൾക്കു മുന്നിൽ എല്ലാം തുറന്നു പറയേണ്ടിവരും. പിന്നീട് അയാൾ നമ്മളെ ബ്ളാക്ക് മെയിൽ ചെയ്തുകൊണ്ടിരിക്കും."
''പോലീസായാലോ?"
അവൾ അയാളുടെ നെഞ്ചിലൂടെ വിരലോടിച്ചു.
''വാർത്ത എങ്ങനെയും ലീക്കാവും. ഇവിടെ പ്രേതമുണ്ടെന്ന്. അതോടെ നമുക്കൊരിക്കലും ഈ കോവിലകവും ഒപ്പമുള്ള വസ്തുക്കളും വിൽക്കാൻ കഴിയില്ല... പ്രേതബാധയുള്ള കോവിലകം ആരെങ്കിലും വാങ്ങുമോ? ഇനി അഥവാ ആരെങ്കിലും തയ്യാറായാൽത്തന്നെ നമ്മൾ പ്രതീക്ഷിക്കുന്ന വില കിട്ടുമോ?"
സംഗതി ശരിയാണ്!
ചന്ദ്രകലയ്ക്കു ബോദ്ധ്യമായി.
''അപ്പോൾ പിന്നെ എന്തുചെയ്യും?" അവളുടെ ശബ്ദത്തിൽ നിരാശ തങ്ങി.
''തൽക്കാലം ആരും ഒന്നും അറിയാൻ പാടില്ല...."
''ആ പ്രേതം ഇനിയും വന്നാൽ..."
''വരട്ടെ. അപ്പോൾ നോക്കാം."
ചന്ദ്രകല ദീർഘമായി നിശ്വസിച്ചു. ശേഷം പ്രജീഷിനോട് ചേർന്നു കിടന്നു.
മഴ നിശ്ശേഷം ശമിച്ചു.
അതോടെ കറണ്ട് വരികയും ചെയ്തു.
അർദ്ധരാത്രിക്കു ശേഷമാണ് ചന്ദ്രകലയ്ക്ക് ഒന്ന് ഉറങ്ങുവാൻ കഴിഞ്ഞത്.
ഉണർന്നപ്പോൾ വളരെ വൈകി. അതും പ്രജീഷ് അവളെ വിളിച്ചുണർത്തുകയായിരുന്നു.
ഭിത്തിയിലെ ക്ളോക്കിലേക്ക് ചന്ദ്രകല നോക്കി.
9 മണി.
അവൾ പെട്ടെന്ന് എഴുന്നേറ്റു. തലമുടി വാരിക്കെട്ടി. വസ്ത്രങ്ങൾ നേരെയാക്കി.
മുറി തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം നോക്കിയത് വരാന്തയിലാണ്.
അവിടെ തലേന്നു കണ്ട കാൽപ്പാടുകൾ മുറ്റത്തെ ചെളിയിൽ കുഴഞ്ഞ് ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ടു...
പെട്ടെന്നു ചന്ദ്രകലയുടെ നെറ്റി ചുളിഞ്ഞു.
വിരലുകളുടെ പാടും വ്യക്തമാണ്. പക്ഷേ ഇടതു കാലിന്റെ പെരുവിരൽ പാടു മാത്രമില്ല....
എന്നാൽ വലതു കാലിന്റേത് വ്യക്തമായി ഉണ്ടുതാനും!
കഴിഞ്ഞ രാത്രിയിൽ ഇവിടെ വന്ന ആളിന്റെ ഇടതുകാലിൽ നാലു വിരലുകളേ ഉണ്ടായിരുന്നുള്ളൂ!
പാഞ്ചാലിക്ക് എല്ലാ വിരലുകളും ഉണ്ടായിരുന്നല്ലോ...
ചന്ദ്രകല, പ്രജീഷിനെ വിളിച്ച് ആ പാടുകൾ കാണിച്ചു.
''ഇപ്പോൾ നിനക്കു മനസിലായില്ലേ വന്നത് പാഞ്ചാലിയുടെ പ്രേതമല്ലെന്ന്?" പ്രജീഷ് ചിരിക്കാൻ ശ്രമിച്ചു.
ചന്ദ്രകല അടുക്കളയിലേക്കു പോയി.
അവിടെ മറ്റൊരു കാഴ്ച അവളെ കാത്തിരിക്കുകയായിരുന്നു.
തലേന്ന് ഭക്ഷണമുണ്ടാക്കി അടച്ചുവച്ചിരുന്ന പാത്രങ്ങളൊക്കെ തുറന്നുകിടക്കുന്നു!
കയ്യിട്ടു വാരിയതു പോലെ അവയുടെ അവശിഷ്ടങ്ങൾ ടേബിളിൽ കിടപ്പുണ്ട്...
കഴിഞ്ഞ ദിവസത്തേതുപോലെ തറയിൽ വലിച്ചുവാരി വിതറിയിട്ടില്ലെന്നു മാത്രം!
അവൾ പ്രജീഷിനെ വിളിച്ച് ആ കാഴ്ചയും കാണിച്ചു.
''പ്രേതങ്ങൾ ഭക്ഷണം കഴിക്കുമോ? എനിക്ക് തോന്നുന്നത് ഇതൊക്കെ നമ്മളെ ഭയപ്പെടുത്താൻ വേണ്ടി ആരോ ചെയ്യുന്നതാണെന്നാ..."
അയാൾ ഒരു സിഗററ്റു കത്തിച്ചു.
''എന്തോ... എനിക്കറിയില്ല. ഏതായാലും ഇവിടെ കഴിയാൻ എനിക്കു ഭയമാ.... എത്രയും വേഗം നമുക്ക് ഈ കോവിലകം വിറ്റേ പറ്റൂ..."
''നമുക്കാലോചിക്കാം."
അയാൾ ബാക്കി പറയും മുൻപ് ഫോൺ ശബ്ദിച്ചു.
അതുമായി പ്രജീഷ് അവിടെ നിന്നു പോയി.
ആ സമയം വാഴക്കൂട്ടം അപ്പുണ്ണി വൈദ്യരുടെ തറവാട്ടു മുറ്റത്ത് ഒരു പോലീസ് ബൊലേറോ ബ്രേക്കിട്ടു.
ഉമ്മറത്തെ ചാരുകസേരയിൽ നിന്ന് വൈദ്യർ തലയുയർത്തി.
ബൊലേറോയിൽ നിന്ന് സി.ഐ ഋഷികേശ് ഇറങ്ങി.
(തുടരും)