ന്യൂഡൽഹി: സുഹൃത്തിന്റെ ഭാര്യ വിവാഹം ചെയാൻ സുഹൃത്തിനെ കൊന്ന് ഡൽഹി സ്വദേശി. കുൽകേഷ് എന്നയാളാണ് ദൽബീർ എന്ന തന്റെ സുഹൃത്തിനെ കരുതിക്കൂട്ടി കൊലചെയ്തത്. കൂട്ടുകാരന്റെ ഭാര്യയെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഈ കടുംകൈ ചെയ്തത്. കൂട്ടുകാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച ശേഷം ബോധം കെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു ഇയാൾ. അപകടമരണം എന്ന തോന്നൽ ഉണ്ടാകുന്നതിന് വേണ്ടിയാണ് കുൽകേഷ് ഇങ്ങനെ ചെയ്തത്.
സംഭവത്തിൽ പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനും ഇയാൾ ശ്രമിച്ചു. ട്രെയിൻ കയറി ദൽബീർ മരണപ്പെട്ട ശേഷം കുൽകേഷ് പൊലീസിനെ വിളിച്ച് തന്റെ സുഹൃത്ത് റെയിൽവേ ട്രാക്കിൽ കിടക്കുന്നതായി അറിയിച്ചു. എന്നാൽ കുൽകേഷിന്റെ ഷർട്ടിൽ ചോരപ്പാടുകൾ കണ്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൽബീറിന്റെ ഫോണിലേക്ക് അവസാനം വിളിച്ചത് കുൽകേഷായിരുന്നു. ഇതും പൊലീസിന്റെ സംശയം ബലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ദൽബീറിന്റെ അയൽക്കാരനായിരുന്ന കുൽകേഷ് നിരന്തരം അയാളുടെ വീട് സന്ദർശിക്കുമായിരുന്നു. ദൽബീർ ഇല്ലാത്ത സമയത്തും ഇയാൾ വീട്ടിലെത്തി ദൽബീറിന്റെ ഭാര്യയ്ക്ക് സമ്മാനങ്ങളും മറ്റും നൽകി. തന്റെ കൂടെ കഴിയണമെന്നും തന്നെ വിവാഹം ചെയ്തുവെന്നും ഇയാൾ സുഹൃത്തിന്റെ ഭാര്യയോട് നിരന്തരം അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ ഭർത്താവുള്ളപ്പോൾ താൻ മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിക്കുകയില്ല എന്നാണ് ഭാര്യ പറഞ്ഞിരുന്നത്. ഇതിനെ തുടർന്നാണ് കൂട്ടുകാരനെ ഇയാൾ കൊന്നത്. ദൽബീറിന്റെ ഭാര്യയ്ക്ക് കുൽകേഷിനോട് താൽപ്പര്യം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ ദൽബീറിന്റെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.