train

ന്യൂഡൽഹി: സ്വകാര്യ മേഖലയ്ക്ക് ട്രെയിൻ സർവീസ് അനുവദിക്കുന്നതിന്‌ പരിഗണിക്കുന്ന റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഡൽഹി-ലഖ്‌നൗ, മുംബൈ-ഷിർദ്ദി, ബെംഗ്ലൂരു-ചെന്നൈ, അഹമ്മദാബാദ്-മുംബയ്, തിരുവനന്തപുരം-കണ്ണൂർ എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. രാജ്യത്തെ ചില പാസഞ്ചർ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റർമാർക്ക് നൽകാൻ നീക്കം നടക്കുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ആദ്യഘട്ടത്തിൽ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഐ.ആർ.സി.ടി.സി.ക്ക് രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് നൽകി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് റെയിൽവേയുടെ നീക്കം. നടത്തിപ്പ് ചുമതല ലഭിക്കുന്നതോടെ ഈ ട്രെയിനുകളുടെ ടിക്കറ്റ് നൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ ഐ.ആർ.സി.ടി.സി. നേരിട്ട് നടത്തും. ഐ.ആർ.സി.ടി.സി. നേരിട്ട് സർവീസ് ഏറ്റെടുക്കുന്ന ഈ ട്രെയിനുകൾക്ക് റെയിൽവേ നിശ്ചിത തുക ഈടാക്കുകയും ചെയ്യും. ലേലനടപടികളിൽ നിന്ന് പാസഞ്ചർ ട്രെയിൻ സർവീസ് ഏറ്റെടുക്കാൻ താൽപര്യമുള്ള സ്വകാര്യ ഓപ്പറേറ്റർമാരെ റെയിൽവേ പിന്നീട് തിരഞ്ഞെടുക്കും.

വലിയ തിരക്കില്ലാത്ത പാതകളിലാണ് ട്രെയിനുകൾ സ്വകാര്യമേഖലയ്ക്ക് അനുവദിക്കുക. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഇത്തരം ട്രെയിനുകൾ ഓടും. ആദ്യഘട്ടത്തിൽ റെയിൽവേ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് ചുമതലയാകും ഐ.ആർ.സി.ടി.സിക്ക് നൽകുക. ട്രെയിനുകളുടെ കോച്ചുകളും ഐ.ആർ.സി.ടി.സിക്ക് ലീസിന് നൽകും. റെയിൽവേയുടെ ഫിനാന്‍‍സിംഗ് സ്ഥാപനമായ ഐ.ആർ.എഫ്‌.സി മുഖേനയാവും ലീസ് തുകയുടെ ഇടപാടുകൾ.