amit-shah

ശ്രീനഗർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാശ്മീരിലെത്തും. അമർനാഥ് സന്ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ സുരക്ഷ വിലയിരുത്തുക എന്നതാണ് അമിത് ഷായുടെ പ്രധാന അജണ്ട. തീർത്ഥാടകരെ ലക്ഷ്യം വച്ച് ഭീകരവാദികൾ ആക്രമണം നടത്തുമെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി അമിത് ഷാ ഈ വിഷയത്തിൽ ഉന്നതതല യോഗം ചേരും. അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള സുരക്ഷയും ഇതിനോടകം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഷാ കാശ്മീരിലേക്ക് എത്തുന്നത്. ബി.ജെ.പി പ്രവർത്തകരുമായും സ്ഥലത്തെ പഞ്ചായത്തംഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായും അമിത് ഷാ ചർച്ചകൾ നടത്തും. ഇതിന് മുൻപും സ്ഥലത്തെ സുരക്ഷാ ഭീഷണിയെക്കുറിച്ച് അമിത് ഷാ ഗവർണറുമായി ചർച്ചകൾ നടത്തിയിരുന്നു. നിലവിൽ ജമ്മു കശ്മീരിന്റെ ഭരണ ചുമതല ഗവർണറുടെ കൈയിലാണ്. ആറ് മാസത്തേക്ക് കൂടി കാശ്മീരിൽ ഗവർണറുടെ ഭരണം തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച് അമിത് ഷാ നിരവധി ഉന്നതതല യോഗങ്ങൾ വിളിച്ച് ചേർത്തിരുന്നു.