ലണ്ടൻ : ഇന്ത്യ പാക് വിഭജനകാലത്തെ തർക്കങ്ങൾ ഇപ്പോഴും ഇരുരാജ്യങ്ങൾക്കും ഇടയിൽ തുടരുകയാണ്. വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച കോടികൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച് ഇരു രാഷ്ട്രങ്ങളും വർഷങ്ങളായി ബ്രിട്ടീഷ് കോടതിയിൽ വ്യവഹാരത്തിൽ ഏർപ്പെട്ട് വരികയാണ്. ഈ കേസിൽ ഇന്ത്യയ്ക്ക് അനുകൂലമായി കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നൈസാമിന്റെ നിലവിലെ പിൻഗാമി ഇന്ത്യയ്ക്ക് അനുകൂലമായതോടെയാണിത്.
കേസ് ഇങ്ങനെ
1948ൽ ഇന്ത്യ പാക് വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ബ്രിട്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മിഷണർക്ക് കൈമാറിയ പത്തുലക്ഷം പൗണ്ടിനെച്ചൊല്ലിയാണ് തർക്കം തുടങ്ങുന്നത്. വർഷങ്ങൾ കഴിഞ്ഞതോടെ ഈ തുകയ്ക്ക് ശതകോടികളുടെ മൂല്യമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യൻ കറൻസിയിൽ മൂല്യം 300 കോടിക്ക് പുറത്ത് വരും. ഹൈദരാബാദ് നൈസാമിന്റെ തുകയുടെ അവകാശികൾ തങ്ങളാണെന്ന് പിന്നീട് നൈസാമിന്റെ പിൻഗാമികൾ വാദിച്ചു. എന്നാൽ തുക നൽകാൻ പാകിസ്ഥാൻ തയ്യാറായില്ല. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ നൈസാമിന്റെ പിൻഗാമി ഇന്ത്യയ്‌ക്കൊപ്പം കക്ഷിചേർന്നു. ഇതോടെ ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തികൂടിയിരിക്കുകയാണ്.
ഇന്ത്യ പാക് വിഭജനകാലത്ത് ഇന്ത്യയ്‌ക്കൊപ്പം നിൽക്കാൻ തുടക്കത്തിൽ മടികാട്ടിയ ഹൈദരാബാദ് നൈസാം പാകിസ്ഥാനോട് അടുപ്പം പുലർത്തിയിരുന്നു. എന്നാൽ സർദാർ വല്ലഭായിപട്ടേലിന്റെ സമർത്ഥമായ നീക്കത്തിൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുകയായിരുന്നു.