തിരുവനന്തപുരം: ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജയിൽ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ നിയമിക്കുമെന്നും ഐ.ആർ.ബി സ്കോർപിയോ വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ടെന്നും ഇതിനാലാണ് പരിശോധന കർശനമാക്കിയതെന്നും സഭയെ അറിയിച്ചു. ചില തടവുകാരെ ജയിൽ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലുകൾ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ.സി ജോസഫിന്റെ നിയമസഭയിലെ പരാമർശത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ജയിലുകളിൽ ജാമറുകൾ ഘടിപ്പിക്കുമെന്ന് അറിയിച്ചത്. അതേസമയം, പീരുമേട്ടിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാർ മരിച്ച സംഭവത്തിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നായിരുന്നു പി.ടി. തോമസിന്റെ ആരോപണം. ഇയാളെ 105 മണിക്കൂറോളം കസ്റ്റഡിയിൽവച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും, തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് പിടികൂടിയാൽ ഇപ്പോൾ ശവപ്പെട്ടി വാങ്ങാൻ പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പ്രതികളുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. 25ലധികം ഫോണുകൾ കണ്ണൂർ ജയിലിൽ നിന്ന് മാത്രം പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവയും ജയിലിൽ നിന്ന് പിടിച്ചെടുത്തിരുന്നു.