ambulance

ന്യൂഡൽഹി : ജീവൻ രക്ഷിക്കാനായി റോഡിലൂടെ പായുന്ന ആംബുലൻസിനെ കയറ്റിവിടാതെ മറ്റ് വാഹനങ്ങൾ മാർഗതടസം സൃഷ്ടിക്കുന്ന സംഭവം നിരവധിയാണ്. ഇത്തരക്കാർക്ക് മുട്ടൻ പണി നൽകാൻ മോട്ടർ വാഹന നിയമ ഭേദഗതിയിലൂടെ നടപടിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ പതിനായിരം രൂപ പിഴയിടാനാണ് പുതുക്കിയ മോട്ടർ വാഹന നിയമ ഭേദഗതിയിലൂടെ ആവശ്യപ്പെടുന്നത്. ഇതുമാത്രമല്ല പിഴയിനത്തിൽ വൻ വർദ്ധനവ് വരുത്തി റോഡിലെ അഭ്യാസങ്ങൾക്ക് മൂക്കുകയറിടാനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്. പതിനെട്ട് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ആവശ്യങ്ങളും കൂട്ടിച്ചേർത്താണ് മോട്ടർ വാഹന നിയമ ഭേദഗതി നടപ്പിലാക്കുന്നത്. ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കും.

മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിൽ ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചാൽ 1000 രൂപ പിഴയും 3 മാസം ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഷനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. വാഹന നിയമങ്ങൾ ലംഘിക്കുന്ന ആപ് അടിസ്ഥാനമാക്കിയുള്ള ടാക്സികൾക്ക് ഒരു ലക്ഷം രൂപ വരെ പിഴയും നിർദ്ദേശിക്കുന്നുണ്ട്. ഇൻഷുറൻസില്ലാത്ത വാഹനമോടിച്ചാൽ 2000 രൂപ പിഴ, അതേ സമയം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാവ് 25000 രൂപ പിഴ അടക്കേണ്ടി വരും ഇത് കൂടാതെ മൂന്ന് വർഷം അകത്തുമാവും. മദ്യപിച്ചു വാഹനമോടിച്ചാൽ പിഴ 10,000 രൂപ നൽകേണ്ടിവരും. വാഹന നിർമ്മാതാക്കൾക്കും പിഴ കഠിനമാക്കിയിരിക്കുകയാണ്. മോശം എൻജിൻ നിർമ്മിച്ചാൽ കാർ കമ്പനിക്ക് 500 കോടി പിഴ ഈടാക്കാനാണ് ഭേദഗതി നിർദ്ദേശിക്കുന്നത്.

രാജ്യത്ത് വർദ്ധിച്ച തോതിൽ അപകടങ്ങൾ പെരുകുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നിയമം കർശനമാക്കാൻ തീരുമാനിക്കുന്നത്. വിദേശ രാജ്യങ്ങളിൽ സ്വീകരിക്കുന്ന അതേ മാതൃക ഇവിടെയും നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്രം.