ചെന്നൈ : കനത്ത വരൾച്ച നേരിടുന്ന ചെന്നൈ നഗരത്തിന്റെ പ്രശ്‌നങ്ങൾ വിളിച്ചോതി ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയാനാർഡോ ഡികാപ്രിയോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഒരു കിണറിന് ചുറ്റും നിന്ന് വെള്ളം കോരിയെടുക്കുന്ന സ്ത്രീകളുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
'മഴയ്ക്ക് മാത്രമേ ചെന്നൈയെ ഈയൊരു പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ സാധിക്കുകയുള്ളു. കിണറുകൾ വറ്റിത്തുടങ്ങി, നഗരത്തിൽ വെള്ളമില്ല. ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ പ്രതിസന്ധിയിലാണ്. ഗവൺമെന്റ് നൽകുന്ന വെള്ളത്തിനായി മണിക്കൂറുകളോളം ജനങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ഹോട്ടലുകളും സ്ഥാപനങ്ങളും വെള്ളമില്ലാത്തതിനാൽ താൽക്കാലികമായി അടച്ചു തുടങ്ങി. അധികാരികൾ മറ്റ് മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾ നിർത്താതെ പ്രാർത്ഥിച്ച് കൊണ്ടിരിക്കുകയാണ്'- അദ്ദേഹം കുറിച്ചു. പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് ലിയനാർഡോ ഡികാപ്രിയോ. കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റിയുള്ള ഡോക്യുമെന്ററി ഉണ്ടാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.