ചാലക്കുടി: അതിരപ്പള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിൽ ശെെശവ വിവാഹം. പതിനാലുവയസുകാരിയെ പതിനാറുകാരനാണ് വിവാഹം ചെയ്തത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം. ചാലക്കുടിയിലെ സ്‌കൂളിൽ എട്ടാംക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടി ക്ലാസിൽ വരാത്തത് സംബന്ധിച്ചുള്ള അന്വേഷണമാണ് ശൈശവവിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാൻ കാരണമായത്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്.
മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹം നടന്നത്. എട്ടാംക്ലാസിൽ നിന്ന് ഒമ്പതാം ക്ലാസിലെത്തിയ പെൺകുട്ടി ഈ അദ്ധ്യയനവർഷം ക്ലാസിലെത്തിയിരുന്നില്ല. ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റൽ അധികൃതർക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികൾ അവധിക്ക് വീടുകളിലേക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇതിനാലാണ് പെൺകുട്ടി ക്ലാസിൽ വരാത്തത് സംബന്ധിച്ച് ആദ്യമേ അന്വേഷണം നടത്താതിരുന്ന്.