shreeram

ലക്‌നൗ: ഇറാഖിൽ ശ്രീരാമന്റെ കാൽപ്പാട് കണ്ടെത്തിയെന്ന് ഇന്ത്യൻ പര്യവേഷ പ്രതിനിധി സംഘം. ഇറാഖിലെ ധർബന്ദ് ഇൽ ബലുള എന്ന പ്രാചീന പ്രദേശത്തുനിന്നുമാണ് രാമന്റേതെന്ന് അവകാശപ്പെടുന്ന ചുമർചിത്രം സംഘത്തിലെ പര്യവേഷകർ കണ്ടെടുക്കുന്നത്. ഉത്തർ പ്രദേശിൽ നിന്നുമുള്ള 'അയോദ്ധ്യ ശോദ് സൻസ്ഥാൻ' എന്ന സംഘടനയിൽ നിന്നും വരുന്നവരാണ് പര്യവേഷകർ. യു.പി സർക്കാരിന്റെ സാംസ്കാരിക വിഭാഗത്തിന്റെ കീഴിലുള്ള സംഘടനയാണ് ഇത്.

ram

ഈ ചുമർചിത്രത്തിന് മുന്നിൽ തൊഴുതുകൊണ്ട് ഇരിക്കുന്ന ഇവരുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. മേൽവസ്ത്രമില്ലാതെ വില്ലും പിടിച്ചുകൊണ്ട് നിൽക്കുന്ന രാജാവിന്റേയും രാജാവിന്റെ മുന്നിൽ വണങ്ങുന്ന മറ്റൊരാളുടേയും രൂപങ്ങളാണ് ചുമർചിത്രത്തിൽ കാണുന്നത്. ഇതിൽ രാജാവ് രാമനാണെന്നും, വണങ്ങിനിൽക്കുന്ന കഥാപാത്രത്തിന് കുരങ്ങന്റെ ഛായയാണുള്ളതെന്നും അത് ഹനുമാനാണെന്നുമാണ് ഇന്ത്യൻ പര്യവേഷകർ പറയുന്നത്.

'ഇറാഖി സർക്കാരിന്റെ അനുവാദത്തോടെ കൂടുതൽ ഗവേഷണം നടത്താനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഞങ്ങൾക്ക് ഇതിനെ കുറിച്ച് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. സിന്ധു നദീതട സംസ്കാരവും മെസപൊട്ടേമിയൻ സംസ്കാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ശ്രീരാമന്റെ ഈ ചുമർചിത്രം സൂചിപ്പിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ഗവേഷണം നടക്കുന്നത്.' അയോദ്ധ്യ ശോദ് സൻസ്ഥാനിന്റെ ഡയറക്ടർ യോഗേന്ദ്ര പ്രതാപ് സിംഗ് പറയുന്നു.

എന്നാൽ ഈ വാദം തെറ്റാണെന്നാണ് ഇറാഖി പുരാവസ്തു വിദഗ്ദ്ധരും ചരിത്ര ഗവേഷകരും പറയുന്നത്. പ്രാചീന കാലത്ത് ഈ പ്രദേശത്ത് ജീവിച്ചിരുന്ന 'ടാർഡുന്നി' എന്ന ഗോത്ര വിഭാഗത്തിന്റേതാണ് ഈ ചുമർചിത്രമെന്നാണ് ഇവർ പറയുന്നത്. ചിത്രത്തിൽ കാണുന്ന രാജാവ് അവരുടെ ഗോത്രത്തലവനാണെന്നും, വണങ്ങി നിൽക്കുന്ന രൂപം ഗോത്രത്തലവന്റെ തടവുകാരനാണെന്നും ഇവർ പറയുന്നു. ഇറാഖിലെ ഇന്ത്യൻ അംബാസഡറായ പ്രദീപ് സിംഗ് രാജ്‌പുരോഹിത് ആണ് പര്യവേഷണം നടത്തിയ പ്രതിനിധി സംഘത്തെ നയിച്ചത്.