fake-apps

ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ 2040 വ്യാജ ആപ്പുകൾ കണ്ടെത്തി. യൂണിവേസിറ്റി ഒഫ് സിഡ്‌നിയും ഓൺലൈൻ സുരക്ഷ പരിശോധിക്കുന്ന വെബ്സൈറ്റായ 'ഡാറ്റ 61'ഉം ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്ളേ സ്റ്റോറിൽ വ്യാജ ആപ്പുകൾ വിലസുന്നതായി കണ്ടെത്തിയത്. ഏറെ പ്രശസ്തമായ 'ടെംപിൾ റൺ', 'ഫ്രീ ഫ്ലോ' എന്നീ ഗെയിമുകളുടേയും വ്യാജ പതിപ്പുകൾ ഈ പട്ടികയിലുണ്ട്.

പ്ലേ സ്റ്റോറിലുള്ള 1.2 മില്യൺ ആപ്പുകളിൽ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. പ്രചാരത്തിലുള്ള പതിനായിരത്തോളം ആപ്പുകൾക്ക് വ്യാജന്മാരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ആപ്പുകൾ അത് ഇൻസ്റ്റാൾ ചെയ്യുന്ന യൂസേഴ്സിന്റെ വിവരങ്ങൾ ചോർത്തുകയും അവരെ വഴിതെറ്റിക്കുകയുമാണ് ചെയ്യുക.

സാധാരണ ആപ്പുകളിൽ നിന്നും വ്യത്യസ്തമായി അഞ്ച് വീതം അധികം പെർമിഷനുകൾ വ്യാജ ആപ്പുകൾ യൂസർമാരോട് ചോദിക്കും. ഈ അധിക പെർമിഷനുകളിൽ കൂടെയാണ് വിവരങ്ങൾ ചോർത്തുക. പരിചയസമ്പന്നരായ യുസേഴ്‌സിന് പോലും ഈ ആപ്പുകളെ പെട്ടെന്ന് തിരിച്ചറിയാനാകില്ല.

ഹാക്കർമാറാണ് ഈ വ്യാജആപ്പുകൾക്ക് പിന്നിലെന്നും ഈ പഠനത്തിൽ പറയുന്നുണ്ട്. ഫോണിലേക്ക് വൈറസുകൾ കടത്തിവിട്ട് ഫോണിന്റെ സോഫ്റ്റ്‌വെയർ നശിപ്പിക്കാനും ഈ ആപ്പുകൾക്ക് സാധിക്കും. മാത്രമല്ല വളരെ വിലപ്പെട്ട വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും പിൻ നമ്പറുകളും, സാമ്പത്തിക വിവരങ്ങളും ഈ ആപ്പുകൾക്ക് ചോർത്താനാകും.

തങ്ങളുടെ നിയമങ്ങളെ ധിക്കരിക്കുന്ന ആപ്പുകൾ കണ്ടെത്തിയാൽ അവ അപ്പോൾ തന്നെ ഡിലീറ്റ് ചെയാറുണ്ടെന്നാണ് ഗൂഗിൾ പ്രതിനിധി പ്രതികരിച്ചിരിക്കുന്നത്. 'ഞങ്ങളുടെ യൂസേഴ്സ് ഓൺലൈനിൽ സുരക്ഷിതരായിരിക്കാനും, അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.' ഗൂഗിൾ പ്രതിനിധി പറയുന്നു.