ന്യൂഡൽഹി: കേരളത്തിലായാലും ബംഗാളിലായാലും തീവ്രവാദത്തിന് ഒരു മുഖമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലമെന്ന് മോദി പറഞ്ഞു. വോട്ട് ചെയ്ത ജനങ്ങളെ കോൺഗ്രസ് അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റു എന്നാണ് കോൺഗ്രസ് പറയുന്നത്. വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ? എന്താണ് അമേതിയിൽ സംഭവിച്ചത്. ഏത് തരത്തിലുള്ള വാദങ്ങളാണ് ഇവർ പറയുന്നത്. കോൺഗ്രസ് തോറ്റാൽ ഇന്ത്യ തോറ്റു എന്നാണോ ഇവർ പറയുന്നതെന്നും മോദി ചോദിച്ചു. ധാർഷ്ട്യത്തിന് ഒരു പരിധിയുണ്ട്. 17 സംസ്ഥാനങ്ങളിൽ ഒരു സീറ്റിൽ പോലും കോൺഗ്രസിന് ജയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകൾ തിരിച്ചറിയാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നന്ദിപ്രമേയ ചർച്ചയിലാണ് മോദി കോൺഗ്രസിനെ വിമർശിച്ചത്. തിരഞ്ഞെടുപ്പിൽ 17 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ സാധിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. മോദിയുടെ ജയം ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെയാണെന്ന കോൺഗ്രസ് വാദത്തെയും പ്രധാനമന്ത്രി വിമർശിച്ചു. രാജ്യത്ത് പെയ്ഡ് മീഡിയ ഉണ്ടോയെന്നും മാദ്ധ്യമങ്ങളെ ബി.ജെ.പി വിലക്കെടുത്തു എന്ന യുക്തി കേരളത്തിനും തമിഴ്നാടിനും ബാധകമാണോയെന്നും അദ്ദേഹം ചോദിച്ചു.