ന്യൂഡൽഹി: പ്രതിപക്ഷത്തിന് വിജയിക്കാനായി ഇനിയും തിരഞ്ഞെടുപ്പുകൾ വരുമെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൈര്യമുണ്ടെങ്കിൽ ഇനിയും പോരാടാനും മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ബി.ജെ.പിയുടെ ഇത്തവണത്തെ വിജയത്തിന് മധുരം കൂടുതലാണെന്നും, ദശാബ്ദങ്ങൾക്ക് ശേഷമാണ് സമ്പൂർണ്ണ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ സംസാരിക്കവേയാണ് മോദി ഈ പ്രതികരണം നടത്തിയത്. വോട്ടർമാർ സ്ഥിരത കൈവരിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്നും മോദി പറഞ്ഞു. ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം കൊലചെയ്തത് തെറ്റ് തന്നെയാണെന്നും, എന്നാൽ ആ കുറ്റത്തിന് സംസ്ഥാനത്തെ മുഴുവൻ കുറ്റം പറയേണ്ട കാര്യമില്ല. ബിഹാറിൽ കുട്ടികളുടെ മരണത്തിന് കാരണമായ എൻസെഫലൈറ്റിസ് രോഗത്തെ പ്രതിരോധിക്കാനാകാത്തത് വലിയ തോൽവിയാണെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ഇതാദ്യമായെന്ന് മോദി 17ാം പാർലമെന്റിൽ സംസാരിക്കുന്നത്.
'കോൺഗ്രസിന് അഹങ്കാരമാണ്. അതുകൊണ്ടാണ് അവർ തിരഞ്ഞെടുപ്പ് ജയിച്ചപ്പോൾ ഞങ്ങളെ കുറ്റപ്പെടുത്തിയത്.അവർ പറയുന്നത് ജനാധിപത്യം തോറ്റു എന്നാണ്. വയനാട്ടിൽ ജനാധിപത്യം തോറ്റുപോയോ? അമേത്തിയിൽ എന്ത് സംഭവിച്ചു?രാജ്യവും കോൺഗ്രസും ഒന്നാണോ? അഹങ്കാരത്തിന് ഒരു പരിധിയുണ്ട്. രാജ്യത്തേയും അതിലെ ജനങ്ങളെയുമാണ് ഇവർ അപമാനിക്കുന്നത്. എന്റെ വാക്കുകളിൽ ആക്രമണസ്വഭാവം കണ്ടേക്കാം. പക്ഷേ ഞാൻ സംസാരിക്കുന്നത് എന്റെ പാർട്ടിക്ക് വേണ്ടിയല്ല, ജനാധിപത്യത്തിന് വേണ്ടിയാണ്.' മോദി പറഞ്ഞു.
ഏതാനും ദിവസം മുൻപും മോദി കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. കോൺഗ്രസിന് ഗാന്ധി കുടുംബത്തിപ്പുറം ഒന്നും കാണാൻ സാധിക്കില്ല എന്നും ഉയരത്തിൽ പറക്കാൻ എപ്പോഴും ശ്രമിക്കുന്ന കോൺഗ്രസ് രാജ്യത്തിന്റെ വേരുകളിലേക്ക് ഇറങ്ങി വരാൻ മറന്നു പോകുകയാണ് എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.