താത്കാലിക അംഗമാകാൻ 55 ഏഷ്യാ പസിഫിക് രാജ്യങ്ങളുടെ പിന്തുണ
തിരഞ്ഞെടുപ്പ് അടുത്ത വർഷം ജൂണിൽ
യു.എൻ: ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ താത്കാലിക അംഗമാകാനുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിന് ഏഷ്യാ - പസിഫിക് ഗ്രൂപ്പിലെ 55 രാഷ്ട്രങ്ങൾ ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിച്ചു. പതിനഞ്ചംഗ രക്ഷാസമിതിയിൽ ഒഴിവു വരുന്ന അഞ്ച് താത്കാലിക സീറ്റുകളിലേക്ക് അടുത്ത വർഷം ജൂണിലാണ് തിരഞ്ഞെടുപ്പ്. രണ്ട് വർഷമാണ് താത്കാലിക അംഗങ്ങളുടെ കാലാവധി.
മത്സരത്തിന് ഏഷ്യാ പസിഫിക് രാഷ്ടങ്ങളുടെ മുഴുവൻ പിന്തുണ നേടാൻ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണ്. ഈ രാഷ്ട്രങ്ങൾക്ക് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയദ് അക്ബറുദ്ദീൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. 2021 - 2022 കാലയളവിലായിരിക്കും ഇന്ത്യ വീണ്ടും രക്ഷാസമിതിയിൽ താത്കാലിക അംഗമാകുന്നത്. മുൻപ് ഏഴ് തവണ ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ജപ്പാൻ, ഇറാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, സിറിയ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് ഏഷ്യ - പസിഫിക് ഗ്രൂപ്പിലുള്ളത്.
രക്ഷാസമിതിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉണ്ട്. രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു വരികയാണ്.
രക്ഷാസമിതിയുടെ ഘടന
മൊത്തം 15 അംഗങ്ങൾ
അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ അഞ്ച് സ്ഥിരാംഗങ്ങൾ
രണ്ട് വർഷം കാലാവധിയുള്ള പത്ത് താത്കാലിക അംഗങ്ങൾ
ഇന്ത്യ മുൻപ്
1950, 1967, 1972, 1977, 1984, 1991, 2011 വർഷങ്ങളിൽ താത്കാലിക അംഗമായി