modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ വിജയത്തെ സ്‌തുതിച്ചതിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ മുൻ കണ്ണൂർ എം.പി എ.പി. അബ്‌ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി. ബി.ജെ.പിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീമിനും ബി.ജെ.പിക്കും ഇടയിലെ വിടവ് അകറ്റാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മോദി സ്‌തുതിയുടെ പേരിൽ ആദ്യം സി.പി.എമ്മും പിന്നീട് കോൺഗ്രസും പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് നീങ്ങുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ബി.ജെ.പിയിലേക്ക് ചേരാൻ പ്രധാനമന്ത്രി ക്ഷണിച്ചതായി അബ്‌ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് മോദിയെ അഭിനന്ദിക്കാനാണ് അബ്ദുള്ളക്കുട്ടി പോയത്. ന്യൂനപക്ഷങ്ങളെ നന്നായി നോക്കുന്ന സർക്കാരാണിതെന്ന് മോദി അറിയിച്ചതായി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. ഷായും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചിരുന്നു. അതേസമയം, അയൽ സംസ്ഥാനമായ കർണാടകയിൽ പ്രവർത്തിക്കാൻ അബ്ദുള്ളക്കുട്ടി താത്പര്യം പ്രകടിപ്പിച്ചെന്നും അറിയുന്നു. കർണാടകയിൽ നിന്നുള്ള എം.പിയും മലയാളി വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ വഴിയാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.