പാലക്കാട് : കടക്ക് പുറത്ത്, മാറിനിൽക്കങ്ങോട്ട് എന്നീ പദങ്ങളുപയോഗിച്ച് മാദ്ധ്യമപ്രവർത്തകരെ ഓടിച്ചുവിട്ട മുഖ്യമന്ത്രിയുടെ നാട്ടിൽ അതേ പാത പിന്തുടർന്ന് എറണാകുളം ജില്ലാ സെക്രട്ടറിയും. പാലാരിവട്ടം മേൽപ്പാലത്തിലെ നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് പാർട്ടി സംഘടിപ്പിച്ച പ്രതിഷേധമാർച്ചിനിടെ പ്രതികരണം ആരാഞ്ഞ സ്വകാര്യ ചാനൽ റിപ്പോർട്ടറെയാണ് പാർട്ടി സെക്രട്ടറി ആട്ടിയകറ്റിയത്. മാർച്ചിനൊപ്പം നടന്നുനീങ്ങി പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയോട് ജില്ലാ സെക്രട്ടറിയായ സി.എൻ മോഹനൻ പെട്ടെന്ന് ക്ഷുഭിതനാകുകയും ആക്രോശിക്കുകയും ചെയ്യുകയായിരുന്നു.
സമരം എങ്ങനെ മുന്നോട്ട് കൊണ്ട്‌പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുന്ന വനിതാ റിപ്പോർട്ടറോട് അകാരണമായി ക്ഷോഭിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി സി.എൻ മോഹനൻ. മുതിർന്ന നേതാക്കളായ എൽഡിഎഫ് കൺവീനർ എ. വിജയരാഘവനിൽ നിന്നും, പി രാജീവിൽ നിന്നും ചോദ്യം ചോദിച്ച് മറുപടി കേട്ട ശേഷമാണ് വനിത റിപ്പോർട്ടർ സി.എൻ മോഹനന്റെ അടുത്തെത്തിയത്. എന്നാൽ മുഖ്യന്റെ ശൈലി സ്വീകരിച്ച് അദ്ദേഹം 'മാറിനിൽക്കങ്ങോട്ട്' എന്ന് ശബ്ദമുയർത്തി യുവതിയെ ആട്ടിപ്പായിക്കുകയായിരുന്നു.