modi

ന്യൂഡൽഹി:റഷ്യയിൽ നിന്ന് എസ് - 400 ട്രയംഫ് മിസൈലുകളും ഇറാനിൽ നിന്ന് എണ്ണയും വാങ്ങുന്നതുൾപ്പെടെ ഇന്ത്യയുടെ ദേശീയ താൽപര്യത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും മറ്റ് രാജ്യങ്ങളുമായി അത്തരം ബന്ധങ്ങളാണ് ഇന്ത്യയ്‌ക്കുള്ളതെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയോട് അസിഗ്ദ്ധമായി വ്യക്തമാക്കി.

റഷ്യൻ മിസൈൽ ഇടപാടുൾപ്പെടെ ഇന്ത്യയും മറ്റ് ചില രാജ്യങ്ങളുമായുള്ള ഇടപാടുകളിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിക്കുകയും ഉപരോധ ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോംപിയോയുമായി ഇന്നലെ നടത്തിയ ചർച്ചയിൽ ജയശങ്കർ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യ അമേരിക്കയുടെ പ്രധാനപ്പെട്ട പങ്കാളിയാണെന്നും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തുകയാണെന്നും സംയുക്ത പത്രസമ്മേളനത്തിൽ മൈക് പോംപിയോ പറഞ്ഞു.

ഉപരോധം ഏർപ്പെടുത്തി എതിരാളികളെ മെരുക്കുന്ന അമേരിക്കൻ നിയമം റഷ്യയിൽ നിന്ന് ട്രയംഫ് മിസൈലുകൾ വാങ്ങുന്നതിനെ ബാധിക്കില്ലേ എന്ന് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ നമ്മുടെ ദേശീയ താൽപര്യങ്ങൾക്ക് അനുയോജ്യമായ ബന്ധങ്ങളാണ് മറ്റ് രാജ്യങ്ങളുമായി ഇന്ത്യയ്‌ക്കുള്ളതെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യയ്‌ക്ക് അങ്ങനെ ഒട്ടേറെ തന്ത്രപ്രധാനമായ ബന്ധങ്ങളുണ്ട്. ആ ബന്ധങ്ങൾക്ക് നീണ്ട ചരിത്രവും ഉണ്ട്. അതെല്ലാം ദേശീയ താൽപര്യങ്ങൾ പരസ്‌പരം മാനിച്ചുകൊണ്ടുള്ള ബന്ധങ്ങളാണ്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധവും വളരെ ആഴത്തിലുള്ളതാണെന്നും ജയശങ്കർ പറഞ്ഞു.

ഊർജ്ജം,​ വ്യാപാരം എന്നിവയും അഫ്ഗാനിസ്ഥാനിലെയും ഇൻഡോ - പസിഫിക് മേഖലയിലെയും പ്രശ്‌നങ്ങളും പോംപിയോയുമായി ചർച്ച ചെയ്‌തു. ഭീകരപ്രവർത്തനത്തെ നേരിടുന്നതിന് അമേരിക്കയുടെ പൂർണ പിന്തുണ പോംപിയോ വാഗ്ദാനം ചെയ്‌തു.

മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ മൈക് പോംപിയോ ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി. ഇൻഡോ - യു. എസ് ബന്ധത്തിന്റെ വിവിധ വശങ്ങൾ,​ വ്യാപാരബന്ധം, എച്ച് - 1ബി വിസ,​ റഷ്യയുമായുള്ള എസ് - 400 മിസൈൽ ഇടപാട്, ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി, ഭീകരപ്രവർത്തനം തുടങ്ങിയവ ഇരുവരും ചർച്ച ചെയ്‌തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പോംപിയോ ചർച്ച നടത്തി.

രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ വിദേശ ഉന്നത നേതാവാണ് മൈക്ക് പോംപെയോ.