kumaraswami

ബംഗളുരു: മോദിക്ക് വോട്ട് ചെയ്ത ആൾക്കാർ തന്നോട് പരാതി പരിഹാരത്തിന് വരുന്നത് എന്തിനെന്ന് ചോദിച്ച് കർണാടക മുഖ്യമന്ത്രി എച്ച് . ഡി കുമാരസ്വാമി. കർണാടകയിലെ റായിച്ചൂരിൽ ഒരു ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുമാരസ്വാമി. ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഏതാനും പേർ വഴി തടയാനെത്തിയത്.

'നിങ്ങളെന്തിനാണ് എന്നോട് പരാതി പറയുന്നത്. മോദിക്ക് വോട്ട് ചെയ്തവരല്ലേ നിങ്ങൾ. ഇപ്പോൾ എന്റെയടുത്ത് പരാതിയുമായി വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം? എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവുമില്ല. ലാത്തി ചാർജിന് ഉത്തരവിടണോ ഞാൻ?' മുഖ്യമന്ത്രി പ്രതിഷേധകരോട് കയർത്തു.

ബസിൽ യാത്ര ചെയ്യുകയായിരുന്ന മുഖ്യമന്ത്രിയെ റോഡിൽ തടഞ്ഞുവെച്ചയിരുന്നു പ്രതിഷേധം. ഇവരോട് ബസിൽ നിന്നും തല പുറത്തിട്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. പ്രതിഷേധക്കാരോട് കയർത്ത് സംസാരിച്ച മുഖ്യമന്ത്രിയെ മറ്റ് മന്ത്രിമാരും ജെ.ഡി.എസ് നേതാക്കളും ചേർന്നാണ് പിന്തിരിപ്പിച്ചത്.

ഹട്ടി സ്വർണ ഖനി തൊഴിലാളികളാണ് തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രിയെ തടഞ്ഞത്.എന്നാൽ അധികം നിന്നാൽ പ്രശ്നം വഷളാകുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പ്രതിഷേധക്കാരുടെ പ്രശ്നനങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താം എന്ന് ഉറപ്പ് നൽകിയ ശേഷം സ്ഥലം വിടുകയായിരുന്നു.